അന്ത്യയാത്രയില്‍ കൂട്ടാകാന്‍ വയലാറിന്‍റെ പാട്ട്… പൊതുശ്മശാനത്തില്‍ ദഹിപ്പിക്കണം, കണ്ണുകള്‍ ദാനം ചെയ്യണം; പിടിയുടെ അന്ത്യാഭിലാഷങ്ങള്‍

Wednesday, December 22, 2021

 

അന്തരിച്ച കെപിസിസി വർക്കിംഗ് പ്രസിഡന്‍റ് പിടി തോമസ് എംഎല്‍എയുടെ സംസ്കാരച്ചടങ്ങുകളില്‍ മാറ്റം. പിടിയുടെ അന്ത്യാഭിലാഷപ്രകാരം നവംബര്‍ 22 ന് എഴുതിവെച്ചത് അനുസരിച്ചായിരിക്കും പുതിയ ക്രമീകരണങ്ങള്‍. തന്‍റെ കണ്ണുകള്‍ ദാനം ചെയ്യണമെന്ന് പിടി പറഞ്ഞിരുന്നു. മൃതദേഹം കൊച്ചിയിലെ രവിപുരം ശ്മശാനത്തില്‍ ദഹിപ്പിക്കണം, മൃതദേഹത്തില്‍ റീത്ത് വെക്കരുത്, ചിതാഭസ്മത്തിന്‍റെ ഒരു ഭാഗം ഉപ്പുതോട് പള്ളിയിലെ അമ്മയുടെ കല്ലറയില്‍ നിക്ഷേപിക്കണം. സംസ്കാര സമയത്ത് വയലാറിന്‍റെ ‘ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം’ എന്ന പാട്ട് കേള്‍പ്പിക്കണമെന്നും അന്ത്യാഭിലാഷമായി പിടി എഴുതിവെപ്പിച്ചിരുന്നു.

അർബുദ രോഗബാധയെ തുടർന്ന് ഒരു മാസത്തിലേറെയായി വെല്ലൂർ സിഎംസി മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെ 10.15ന് ആയിരുന്നു മരണം. അന്ത്യാഭിലാഷങ്ങള്‍ പോലും പിടി എന്ന രാഷ്ട്രീയ നേതാവിനെ വ്യത്യസ്തനാക്കുന്നു. കർമ്മമണ്ഡലത്തില്‍ ബാക്കിയാക്കിയവ പൂര്‍ത്തിയാക്കാന്‍ ‘ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി’ എന്നു ചോദിച്ചായിരിക്കും പിടിയുടെ മടക്കം…