കൈക്കൂലി : മലിനീകരണ നിയന്ത്രണ ബോർഡ് ജില്ലാ ഓഫീസറിന് സസ്പെന്‍ഷന്‍

Saturday, December 18, 2021

മലിനീകരണ നിയന്ത്രണ ബോർഡിലെ കൈക്കൂലിയുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലാ ഓഫീസർ എഎം ഹാരിസിനെ സസ്പെൻഡ് ചെയ്തു. ഉത്തരവ് മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാന്‍റേതാണ്.  ഹാരിസിനും രണ്ടാംപ്രതി ജോസ്മോനുമെതിരെ കൂടുതൽ അന്വേഷണം തുടരും. വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദനത്തിൽ വിശദമായ അന്വേഷണത്തിന് വിജിലൻസ് ഉത്തരവ് ഇട്ടിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് കോട്ടയം  മലിനീകരണ ബോർഡ്  ജില്ലാ ഓഫീസറും,  പിസിബി എൻജിനീയറുമായ എ എം ഹാരിസിനെ വിജിലൻസ് അറസ്റ്റ് ചെയ്തത്.  അനധികൃതമായി കൈക്കൂലി ആവശ്യപ്പെട്ട തുടർന്ന് വിജിലൻസിന് ലഭിച്ച പരാതിയെ തുടർന്നായിരുന്നു ഹാരിസിൻ്റെ അറസ്റ്റ്. അറസ്റ്റിനെ തുടർന്ന് വിജിലൻസ് ഉദ്യോഗസ്ഥർ ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഇയാൾക്ക് അളവിൽ കവിഞ്ഞ സ്വത്തുസമ്പാദനം ഉള്ളതായി കണ്ടെത്തിയിരുന്നു. ഈ കാര്യങ്ങളും മറ്റും ചൂണ്ടിക്കാട്ടി വിജിലൻസ് മലിനീകരണ ബോർഡ് നൽകിയ റിപ്പോർട്ട് അടിസ്ഥാനത്തിലാണ് ഹാരിസിനെ മലിനീകരണ ബോർഡ് ചെയർമാൻ സസ്പെൻഡ് ചെയ്തത്.

അതേസമയം മുൻ ജില്ലാ  ഓഫീസറും തിരുവനന്തപുരത്തെ ഉദ്യോഗസ്ഥനുമായ  ജോസ്മോന് എതിരെയും വിജിലൻസ്  അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പാലായിലെ വ്യവസായി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇദ്ദേഹത്തിൻറെ വസതിയിലും കഴിഞ്ഞദിവസം വിജിലൻസ് പരിശോധന നടത്തിയിരുന്നു. ഇദ്ദേഹത്തിനെതിരെയുള്ള അനധികൃത സ്വത്ത് സമ്പാദ്യം സംബന്ധിച്ചുള്ള വിജിലൻസ് റിപ്പോർട്ട് മലിനീകരണ ബോർഡിന് ലഭിക്കുന്ന മുറയ്ക്ക് ജോസ് മോൻ എതിരെയും മലിനീകരണ ബോർഡ് നടപടി സ്വീകരിക്കുന്നതായിരിക്കും.  അതേസമയം ഇരുവർക്കുമെതിരെ മലിനീകരണ ബോർഡ് വകുപ്പുതല അന്വേഷണത്തിനും ഉത്തരവിറക്കിയിട്ടുണ്ട്.