രോഗികള്‍ വലയുന്നു : ഒപിയിലെത്തുന്നവരെ തിരിച്ചയക്കേണ്ട സ്ഥിതി ; മെഡിക്കൽ കോളേജുകളിൽ ശസ്ത്രക്രിയകൾ മുടങ്ങി

Jaihind Webdesk
Monday, December 13, 2021

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ പി ജി ഡോക്‌ടർമാർക്ക് പിന്നാലെ ഹൗസ് സർജന്മാരും സമരം പ്രഖ്യാപിച്ചതോടെ രോഗികൾ വലയുന്നു. ശസ്ത്രക്രിയ ഉൾപ്പെടെ മാറ്റുകയും ഒ.പി ചികിത്സ മുടങ്ങിയ അവസ്ഥയിലുമാണ്. പല ആശുപത്രികളിലും രോഗികളെ മടക്കി വിടുകയാണ്.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഒ.പിയിൽ പകുതിയിൽ താഴെ ഡോക്ടർമാരേയുള്ളൂ. പിജി ഡോക്ടർമാർ നാലാംദിവസവും അത്യാഹിത വിഭാഗം ഉൾപ്പെടെയാണ് ബഹിഷ്‌കരിക്കുന്നത്. ഹൗസ് സർജന്മാർ ഇന്ന് രാവിലെ എട്ടുമുതൽ 24 മണിക്കൂർ പണിമുടക്കാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

കൂടുതൽ ഡോക്ടർമാരെ നിയമിച്ച് ജോലിഭാരം കുറയ്ക്കുക, സ്റ്റൈപൻഡ് പരിഷ്‌കരണം തുടങ്ങി നിരവധി ആവശ്യങ്ങളുന്നയിച്ചാണ് സമരം നടത്തുന്നത്. ആവശ്യങ്ങൾ അംഗീകരിച്ചതാണെന്നും, ചർച്ചയ്‌ക്കില്ലെന്നുമാണ് സർക്കാർ നിലപാട്.