സ്ഥാനാർത്ഥി നിർണ്ണയത്തില്‍ തുടങ്ങിയ കലഹം; പൊന്നാനി സിപിഎമ്മില്‍ കടുത്ത വിഭാഗീയത; രാജിവെച്ച് ലോക്കല്‍ സെക്രട്ടറി

Wednesday, December 8, 2021

 

മലപ്പുറം : നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയത്തെ തുടർന്ന് പരസ്യ പ്രതിഷേധം രൂക്ഷമായ പൊന്നാനിയിലെ സിപിഎമ്മിൽ വിഭാഗീയത മൂർച്ഛിക്കുന്നു. ഏരിയ കമ്മറ്റിയംഗവും ലോക്കൽ സെക്രട്ടറിയും പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡൻ്റുമായ പിഎം ആറ്റുണ്ണി തങ്ങൾ പാർട്ടിയിൽ നിന്നും രാജിവെച്ചു. നേതാക്കളടങ്ങുന്ന വലിയൊരു വിഭാഗത്തിൻ്റെ രാജിഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ സിപിഎം ജില്ലാ നേതൃത്വം പ്രശ്നത്തിൽ ഇടപെട്ടിട്ടുണ്ട്.

സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്ന ടിഎം സിദ്ദിഖിനെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയതിനെ തുടർന്ന് പൊന്നാനിയിണ്ടായ വിഭാഗീയത മൂർച്ഛിക്കുന്നു. ടിഎം സിദ്ദിഖിനെതിരെയുള്ള നടപടി ലഘൂകരിക്കാനുള്ള നീക്കം നടക്കുന്നതിനിടെ ഏരിയാ സെക്രട്ടറി പികെ ഖലീമുദ്ദീൻ, ടിഎം സിദ്ദിഖിനെതിരെ കഴിഞ്ഞ ദിവസം നടത്തിയ പരാമർശമാണ് ഒരു വിഭാഗത്തെ ചൊടിപ്പിച്ചത്. ഇതേത്തുടർന്നാണ് ഏരിയാ കമ്മറ്റിയംഗവും ലോക്കൽ സെക്രട്ടറിയും പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡൻ്റുമായ പിഎം ആറ്റുണ്ണി തങ്ങളുടെ രാജി.

നിയമസഭാ തെരഞ്ഞെടുപ്പിൽ ടിഎം സിദ്ദിഖിനെ സ്ഥാനാർത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന പ്രകടനം തടയേണ്ടത് ടിഎം സിദ്ദിഖിൻ്റെ മാത്രം ഉത്തരവാദിത്വമാണെന്ന ഏരിയാ സെക്രട്ടറിയുടെ പരാമർശത്തിനെതിരെ പാർട്ടി അണികളും നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. ആറ്റുണ്ണി തങ്ങളുടെ രാജിക്ക് പുറമെ വരും ദിവസങ്ങളിൽ ഏരിയ കമ്മിറ്റി അംഗങ്ങളും ലോക്കൽ കമ്മറ്റി അംഗങ്ങളും പതിനഞ്ചോളം ബ്രാഞ്ചുകളും രാജിവെക്കാനുള്ള നീക്കവുമുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് പൊന്നാനിയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് സിപിഎമ്മില്‍ തര്‍ക്കങ്ങളും പരസൃപ്രതിഷേധങ്ങളും ഉണ്ടായിരുന്നു. പൊന്നാനി ഏരിയയ്ക്ക് കീഴിലെ ഇക്കഴിഞ്ഞ ലോക്കൽ, ബ്രാഞ്ച് സമ്മേളനങ്ങളിൽ സിദ്ദിഖിനെതിരായ നടപടിയെ പ്രതിനിധികൾ രൂക്ഷമായി വിമർശിച്ചിരുന്നു.

ആറ്റുണ്ണി തങ്ങൾ രാജിവച്ച സാഹചര്യത്തിൽ ടിഎം സിദ്ദിഖുമായി സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം ഇ ജയനും സംഘവും ഇന്നലെ രാത്രി അടിയന്തര കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയറിഞ്ഞ് നിരവധി പ്രവർത്തകർ സിദ്ദിഖിന് പിന്തുണയുമായി സ്ഥലത്ത് എത്തിയിരുന്നു. കൂടുതൽ കൊഴിഞ്ഞുപോക്ക് തടയാൻ ഇടപെടണമെന്ന് ജില്ലാ നേതൃത്വം ടിഎം സിദ്ദിഖിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആറ്റുണ്ണി തങ്ങൾക്ക് പിന്നാലെ ഏരിയാ കമ്മിറ്റിയിലെ പ്രമുഖരടക്കം രാജിക്ക് ഒരുങ്ങിയിട്ടുണ്ട്. ഇന്നലെ രാത്രി നടന്ന കൂടിക്കാഴ്ച സൗഹൃദ സംഭാഷണം മാത്രമായിരുന്നു എന്ന് ടിഎം സിദ്ദിഖ് പ്രതികരിച്ചതോടെ പ്രശ്നങ്ങൾക്ക് പരിഹാരമായിട്ടില്ല എന്ന സൂചനയാണ് പുറത്തു വരുന്നത്.