കെഎഎസ് ശമ്പളത്തില്‍ മാറ്റമില്ല, ഒഴിവാക്കിയത് ഗ്രേഡ് പേ മാത്രം; ഐഎഎസ് പ്രതിഷേധം തള്ളി സര്‍ക്കാർ

Jaihind Webdesk
Tuesday, December 7, 2021

 

തിരുവനന്തപുരം : കെഎഎസ് ശമ്പളത്തിൽ മാറ്റമില്ല. 81,800 രൂപ അടിസ്ഥാന ശമ്പളമായി നിശ്ചയിച്ച് സർക്കാർ ഉത്തരവ് ഇറങ്ങി. ഒഴിവാക്കിയത് ഗ്രേഡ് പേ മാത്രം. ഗ്രേഡ് പേയ്ക്ക് പകരം പരിശീലനം തീരുമ്പോൾ 2,000 രൂപ വാർഷിക ഇൻക്രിമെന്‍റ് നൽകും. ഐഎഎസുകാരുടെ പ്രതിഷേധം ഫലം കണ്ടില്ല. സ്‌പെഷ്യൽ പേ നൽകണം എന്ന ആവശ്യത്തിൽ ഉറച്ച് ഐഎഎസ് അസോസിയേഷൻ.

കെഎഎസിന് തങ്ങളെക്കാൾ  കൂടുതൽ ശമ്പളം നൽകാനുള്ള സർക്കാർ തീരുമാനത്തിനെതിരെ ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് അസോസിയേഷനുകൾ മുഖ്യമന്ത്രിക്ക് കത്ത് നൽകിയെങ്കിലും സർക്കാർ പരിഗണിച്ചില്ല. കെഎഎസ് അടിസ്ഥാന ശമ്പളം 81,800 ആയി നിശ്ചയിച്ച് സർക്കാർ ഉത്തരവിറങ്ങി. ഗ്രേഡ് പേ മാത്രം ഒഴിവാക്കി. ഗ്രേഡ് പേയ്ക്ക് പകരം പരിശീലനം തീരുമ്പോൾ 2,000 രൂപ വാർഷിക ഇൻക്രിമെന്‍റ് നല്‍കും. അതേസമയം സിവിൽ സർവീസ് ഉദ്യോഗസ്ഥരെക്കാൾ ശമ്പളം കെഎഎസ് ഉദ്യോഗസ്ഥർക്കു നൽകുന്നത് അംഗീകരിക്കാനാകില്ലെന്നും സ്പെഷൽ പേ നൽകണമെന്നുമുള്ള ആവശ്യത്തിൽ സിവിൽ സർവീസ് സംഘടനകൾ ഉറച്ചു നിൽക്കുകയാണ്.

കെഎഎസുകാർക്ക് മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചതുപോലെ ട്രെയിനിംഗ് പിരിയഡിൽ ശമ്പളം 81,800  രൂപ ലഭിക്കും. ഇതുസംബന്ധിച്ച് ഇന്നലെ രാത്രി ചീഫ് സെക്രട്ടറി ഉത്തരവിറക്കി. അടിസ്ഥാന ശമ്പളത്തോടൊപ്പം 10 ശതമാനം  ഗ്രേഡ് പേ കെഎഎസിന് നൽകുമെന്നാണ് മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചിരുന്നെങ്കിലും സിവിൽ സർവീസ് അസോസിയേഷനുകളുടെ പ്രതിഷേധത്തെ തുടർന്ന് ഗ്രേഡ് പേ ഒഴിവാക്കി. കെഎഎസിലെ ആകെ ശമ്പളം 97,097 രൂപ ആയിരിക്കും. തുടക്ക ശമ്പളം  74,384 രൂപയും . ഐഎഎസുകാരേക്കാൾ കെഎഎസുകാർക്ക് കൂടുതൽ കിട്ടുന്നത് 22,713രൂപ.
അടുത്ത മന്ത്രിസഭയ്ക്ക് മുമ്പ് ഉത്തരവിറങ്ങണമെന്ന മുഖ്യമന്ത്രിയുടെ കർശന നിർദ്ദേശത്തെ തുടർന്നാണ് ഐഎഎസുകാരുടെ പ്രതിഷേധത്തിനിടയിലും ഇപ്പോള്‍ ചീഫ് സെക്രട്ടറി ഉത്തരവിറക്കിയിരിക്കുന്നത്.