ഡീന്‍ കുര്യാക്കോസ് എംപിയുടെ സമരത്തെ പിന്തുണച്ച ബിഷപ്പിനെതിരെ എംഎം മണി; ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് കോണ്‍ഗ്രസ്

Jaihind Webdesk
Tuesday, December 7, 2021

ഇടുക്കി : മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് നിരാഹാര സമരം നടത്തിയ ഡീൻ കുര്യാക്കോസ് എംപിക്ക് പിന്തുണ നൽകിയ ഇടുക്കി ബിഷപ്പിനെതിരെ എംഎം മണി നടത്തിയ വിമർശനം ഇടുക്കിയിലെ ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് ഡിസിസി പ്രസിഡൻ്റ് സിപി മാത്യു. ബിഷപ്പിന് അഭിപ്രായം പറയുവാൻ മണിയുടെ അനുവാദം ആവശ്യമില്ലെന്നും ഭീഷണി വേണ്ടെന്നും സിപി മാത്യു വ്യക്തമാക്കി.

മുല്ലപ്പെരിയാർ ജലബോംബാണെന്ന് പറയുന്ന എംഎം മണി സർക്കാരിന്‍റെ കള്ളക്കളി തിരുത്താതെ ജനങ്ങളെ വെല്ലുവിളിക്കുന്ന പ്രസ്ഥാവനയാണ് നടത്തിയത്. രാത്രിയിൽ വെള്ളം തുറന്നു വിട്ട് വീടുകളിൽ വെള്ളം കയറുന്ന സ്ഥിതി തുടരുകയാണ്. കേരളത്തിൻ്റെ വാദങ്ങളെ ദുർബലപ്പെടുത്താന്‍ മരംമുറിക്കാൻ അനുവാദം നൽകിയ സർക്കാരാണ് കേരളം ഭരിക്കുന്നത്. ഇടുക്കിയും മുല്ലപ്പെരിയാറും നിറഞ്ഞുനിൽക്കുന്ന ഗുരുതര സാഹചര്യം നിലനിൽക്കുമ്പോൾ സത്യം തുറന്നു പറഞ്ഞ ബിഷപ്പിനെ ഭീഷണിപ്പെടുത്തുകയാണ് എംഎം മണി ചെയ്യുന്നത്.

ബിഷപ്പ് എന്തു പറയണമെന്ന് മണിയും സിപിഎമ്മും തീരുമാനിക്കേണ്ടതില്ല. കാര്യങ്ങൾ പഠിച്ച് പറയണമെന്ന് പറയുന്ന മണി 2018 ൽ മുപ്പതിൽ പരം ഡാമുകൾ ഒരുമിച്ച് തുറന്നു വിട്ട് കേരളത്തിലെ ജനങ്ങളെ മുക്കിക്കൊന്നത് ജനങ്ങൾക്കറിയാമെന്നും സിപി മാത്യു പറഞ്ഞു.