കൊച്ചി : നാളെ നടക്കുന്ന കൊച്ചി കോർപ്പറേഷൻ ഗാന്ധി നഗർ ഡിവിഷൻ ഉപതെരഞ്ഞെടുപ്പിൽ തികഞ്ഞ വിജയ പ്രതീക്ഷയിലാണ് യുഡിഎഫ്. യുഡിഎഫ് സ്ഥാനാർത്ഥി പിഡി മാർട്ടിൻ ചിട്ടയായ പ്രവർത്തനങ്ങളിലൂടെ വോട്ടർമാർക്കിടയിൽ സ്വാധീനമുറപ്പിച്ചിരിക്കുകയാണ്. നേരത്തെ ഗിരിനഗർ ഡിവിഷനിൽ നിന്നും കൗൺസിലറായിരുന്നതിന്റെയും സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയർമാനായതിന്റെയും അനുഭവ സമ്പത്താണ് മാർട്ടിന്റെ കരുത്ത്.
വിപുലമായ ജനകീയ ബന്ധങ്ങളും സംഘടനാ പരിചയവും പിഡി മാർട്ടിനെ കൂടുതൽ സ്വീകാര്യനാക്കുന്നു. വികസന പ്രശ്നങ്ങളിൽ ഊന്നി നിന്നായിരുന്നു യുഡിഎഫിന്റെ പ്രചരണം. കഴിഞ്ഞ 35 വർഷമായി എൽഡിഎഫ് പ്രതിനിധീകരിക്കുന്ന ഡിവിഷനിലെ വികസന മുരടിപ്പിന് ജനങ്ങൾ മറുപടി നൽകുമെന്ന പ്രതീക്ഷയാണ് യുഡിഎഫ് ക്യാമ്പ് പങ്കു വെക്കുന്നത്. കോർപ്പറേഷൻ ഭരണത്തെ സംബന്ധിച്ചും ഉപതെരഞ്ഞെടുപ്പ് ഫലം നിർണായകമാണ്.
യുഡിഎഫിന്റെ വിജയം കോർപ്പറേഷനിൽ എൽഡിഎഫിന്റെ ഭരണത്തിന് അന്ത്യം കുറിക്കും എന്നതിനാൽ എല്ലാ ഭരണസ്വാധീനവും ഉപയോഗിച്ചായിരുന്നു അവരുടെ പ്രചാരണം. വോട്ടർ പട്ടികയിലെ വെട്ടിനിരത്തൽ ഉൾപ്പെടെയുള്ള ആരോപണങ്ങൾ തിരഞ്ഞെടുപ്പിനെ ചൂടുപിടിപ്പിച്ചിരുന്നു. പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉൾപ്പെടെയുള്ള നേതാക്കൾ പ്രചരണത്തിനെത്തിയതും ചിട്ടയായ സ്ക്വാഡ് പ്രവർത്തനവും യുഡിഎഫിനെ പ്രചരണ രംഗത്ത് ഏറെ മുന്നിലെത്തിച്ചിരുന്നു. ഇതെല്ലാം വോട്ടായി മാറുമെന്ന ശുഭ പ്രതീക്ഷയിലാണ് യുഡിഎഫ് ക്യാമ്പ്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിജയിച്ച സിപിഎം സ്ഥാനാർത്ഥി കെകെ ശിവൻ മരണപ്പെട്ടതിനെ തുടർന്നാണ് ഗാന്ധി നഗറിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ശിവന്റെ ഭാര്യയാണ് ഇടതുമുന്നണി സ്ഥാനാർത്ഥി. ബിജെപി, വി ഫോർ കൊച്ചി സ്ഥാനാർത്ഥികളും ഇത്തവണ മത്സര രംഗത്തുണ്ട്.