ന്യൂഡല്‍ഹി : കർഷക സമരവുമായി മുന്നോട്ടു പോകാൻ ഇന്ന് ചേർന്ന സംയുക്ത കിസാൻ മോർച്ചയിൽ തീരുമാനം. കർഷകർ ഉന്നയിച്ച ഒരാവശ്യം മാത്രമാണ് പരിഹരിച്ചത് എന്ന് കർഷക പ്രതിനിധികൾ പറഞ്ഞു. വിവാദ കാർഷിക ബിൽ പിൻവലിച്ചതിനെ സ്വാഗതം ചെയ്യുന്നു. കർഷകരുടെ വിവിധ ആവശ്യങ്ങൾ തുറന്നുകാട്ടി പ്രധാനമന്ത്രിക്ക് കത്തെഴുതുമെന്നും കർഷക പ്രതിനിധികൾ അറിയിച്ചു. കർഷകർ ഉന്നയിക്കുന്ന ആവശ്യങ്ങൾ പരിഹരിക്കുന്നതുവരെ സമരവുമായി മുന്നോട്ട് പോകുമെന്നും കർഷക പ്രതിനിധികൾ വ്യക്തമാക്കി.
വിവാദ കാർഷിക ബിൽ പിൻവലിച്ച പ്രധാനമന്ത്രിയുടെ പ്രസ്താവനയെ തുടർന്നാണ് ആണ് കർഷകർ ഇന്ന് സംയുക്ത കിസാൻ മോർച്ചയുടെ യോഗം സിംഗുവിൽ ചേർന്നത്. സമരവുമായി മുന്നോട്ടു പോകാൻ എന്ന നിലപാടിലുറച്ച് തന്നെയാണ് കർഷകർ യോഗം അവസാനിപ്പിച്ചത്. തങ്ങള്‍ മുന്നോട്ടുവെച്ച ഒരു ആവശ്യം മാത്രമാണ് കേന്ദ്രസർക്കാർ പരിഹരിച്ചതെന്ന് കർഷകർ പറഞ്ഞു. ബാക്കി ആവശ്യങ്ങൾ കൂടി പരിഹരിക്കാൻ കേന്ദ്രസർക്കാർ തയാറാവണം. മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കുന്നത് സംബന്ധിച്ച് നിയമപരമായ ഉറപ്പ് നൽകുക, താങ്ങുവില സംബന്ധിച്ച് നിയമ പരിരക്ഷ ഉറപ്പാക്കുക, നിർദിഷ്ട വൈദ്യുതി ഭേദഗതി ബിൽ 2020 പിൻവലിക്കുകയും സബ്‌സിഡി നിരക്കിൽ വൈദ്യുതി നൽകുന്നത് തുടരുകയും ചെയ്യുക, വായു മലിനീകരണ നിരോധനബില്ലിലെ കർഷക വിരുദ്ധ ഭാഗം ഒഴിവാക്കുക, സമരത്തിൽ മരിച്ച കർഷകരുടെ കുടുംബത്തിന് സഹായധനം നൽകുക, സമരത്തിൽ പങ്കെടുത്ത കർഷകർക്ക് എതിരെ എടുത്ത കേസുകൾ പിൻവലിക്കുക,
ലഖിംപുരിലെ കർഷക കൂട്ടക്കൊലയ്ക്ക് ഉത്തരവാദിയായ അജയ് മിശ്രയെ കേന്ദ്രമന്ത്രിസഭയിൽ നിന്നും പുറത്താക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കർഷകർ മുന്നോട്ടുവെക്കുന്നത്. ഈ ആവശ്യങ്ങൾ പരിഹരിക്കാൻ കേന്ദ്ര സർക്കാർ തയാറാവണമെന്ന് കർഷകർ ആവശ്യപ്പെടുന്നു.
സമരത്തിന്‍റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് മുൻകൂട്ടി നിശ്ചയിച്ച പരിപാടികളിൽ മാറ്റമുണ്ടാകില്ലന്ന് കർഷക സംഘടനകൾ വ്യക്തമാക്കി. പാര്‍ലമെന്‍റിലേക്ക് ട്രാക്ടർ റാലി നടത്തുന്നതടക്കമുള്ള കാര്യങ്ങൾ മുൻകൂട്ടി നിശ്ചയിച്ചപോലെ നടത്തുമെന്ന് നേതാക്കൾ വ്യക്തമാക്കി. ഈ മാസം 22 ന് ലക്‌നൗവിലെ കർഷക മഹാ പഞ്ചായത്ത് ചേരും. ഇതു കൂടാതെ 27 ന് വീണ്ടും സംയുക്ത കിസാൻ മോർച്ച കൂടി തുടർ സമരപരിപാടികൾ ഈ യോഗത്തിൽ തീരുമാനിക്കുമെന്നും കർഷക സംഘടനകൾ അറിയിച്ചു.