ഇന്ധന വിലവര്‍ധനയ്‌ക്കെതിരെ കോണ്‍ഗ്രസ് നടത്തിയ സമരത്തെ വിമർശിക്കുന്നവർക്ക് മറുപടിയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Tuesday, November 2, 2021

ഇന്ധന വിലവര്‍ധനയ്‌ക്കെതിരെ കോണ്‍ഗ്രസ് കൊച്ചിയില്‍ നടത്തിയ സമരം വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചത്. സമരത്തെ വിമര്‍ശിച്ച് പ്രത്യക്ഷപ്പെട്ട കമന്‍റുകള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് വക്താവ് രാഹുല്‍ മാങ്കൂട്ടത്തില്‍. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്‍റെ പ്രതികരണം. ഉപ്പ് സത്യഗ്രഹത്തോട് അന്നൊരു നാളില്‍ ചിലര്‍ പ്രതികരിച്ചത് ഇങ്ങനെയെന്നും ആ ചോദ്യങ്ങള്‍ക്ക് കോണ്‍ഗ്രസ് വഴങ്ങിയിരുന്നെങ്കില്‍ പാരതന്ത്ര്യത്തിന്‍റെ നിഴല്‍ വീഴ്ത്തി ഇപ്പോഴും ബ്രിട്ടീഷ് പതാക ഈ രാജ്യത്ത് പാറിപ്പറക്കുമായിരുന്നു എന്നും രാഹുല്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം :

അന്നൊരു നാള്‍ ചിലര്‍ !
‘പിന്നെ ഇങ്ങനെ ഈ കടപ്പുറത്ത് ഉപ്പ് കുറുക്കിയാല്‍ നാളെ ബ്രിട്ടീഷുകാര്‍ ഉപ്പ് നികുതി കുറച്ച് ഇന്ത്യ വിടാന്‍ പോവുകയല്ലേ?’
‘ഉപ്പ് നികുതി എത്ര വേണമെങ്കിലും കൂട്ടിക്കോട്ടെ ഞങ്ങള്‍ക്ക് സമാധാനത്തോടെ ജീവിച്ചാല്‍ മതി ‘
‘ഉപ്പ് നികുതി കുറയ്ക്കുകയും ബ്രിട്ടീഷുകാര്‍ രാജ്യം വിടുകയും വേണം പക്ഷേ ജനങ്ങളെ അതിന് ബുദ്ധിമുട്ടിക്കുന്നത് എന്തിനാണ് ‘
‘ ബ്രിട്ടീഷുകാര്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിനെതിരായ കോണ്‍ഗ്രസ്സിന്റെ സമരവും ജനങ്ങളെ ബുദ്ധിമുട്ടിക്കുമ്പോള്‍ ഇവര്‍ തമ്മില്‍ എന്താണ് വ്യത്യാസം ‘
‘ഉപ്പ് നികുതി കുറയ്ക്കുവാനും ബ്രിട്ടീഷുകാരെ ഒഴിവാക്കാനും ഇങ്ങനെ പൊതു നിരത്തിലാണോ സമരം ചെയ്യണ്ടത്, ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ വീട്ടുപടിക്കല്‍ സമരം ചെയ്താല്‍ പോരെ’
‘ സമരം ചെയ്താല്‍ മോഹന്‍ദാസിനും കുടുംബത്തിനും കൊള്ളാം, നമ്മള്‍ പണി എടുത്താല്‍ നമ്മുക്ക് ഗുണം ഉണ്ടാകും’
‘ഇങ്ങനെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതു കൊണ്ടാണ്ട് നിസഹകരണ സമരത്തിനു ശേഷവും സ്വാതന്ത്ര്യം കിട്ടാഞ്ഞത് കോണ്‍ഗ്രസ്സേ’
ഇത്തരം ചോദ്യങ്ങള്‍ക്ക് കോണ്‍ഗ്രസ്സ് വഴങ്ങിയിരുന്നെങ്കില്‍, പാരതന്ത്ര്യത്തിന്റെ നിഴല്‍ വീഴ്ത്തി ഇപ്പോഴും ബ്രിട്ടീഷ് പതാക ഈ രാജ്യത്ത് പാറിപ്പറക്കുമായിരുന്നു.