ജലനിരപ്പ് കൂടിയാല്‍ ഇടുക്കി ഡാം തുറന്നേക്കും ; പമ്പ ഡാമില്‍ ഓറഞ്ച് അലർട്ട്

Monday, October 18, 2021

Mullaperiyar-Dam-1

ഇടുക്കി ഡാമിന്‍റെ വൃഷ്ടി പ്രദേശങ്ങളില്‍ മഴ തുടരുന്നതിനാല്‍ ഡാമിലേക്കുള്ള നീരൊഴുക്ക് കൂടുന്നു. ഈ സാഹചര്യത്തില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.  ജലനിരപ്പ് കൂടുകയാണെങ്കില്‍ ഇന്ന് തന്നെ ഡാം തുറക്കാനുള്ള സാധ്യതയുണ്ടെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി അറിയിച്ചു. റെഡ് അലർട്ട് പുറപ്പെടുവിച്ച ശേഷമാണ് ഡാം തുറക്കാനുള്ള നടപടികളിലേക്ക് നീങ്ങുക.

കൊക്കയാറിൽ കാണാതായ ഏഴ് വയസുകാരൻ സച്ചു ഷാഹുലിനുവേണ്ടിയുള്ള തെരച്ചിൽ ഇന്നും തുടരും. എന്‍ഡിആര്‍എഫ് ഉള്‍പ്പെടെയുള്ളവരാണ് തെരച്ചില്‍ നടത്തുന്നത്. ഫൗസിയ, അമീൻ, അമ്‌നാ എന്നിവരുടെ മൃതദേഹം കാഞ്ഞിരപ്പള്ളിയിലും ബന്ധുക്കളായ അഫ്‌സാര, അഫിയാൻ എന്നിവരുടേത് കൂട്ടിക്കലിലും സംസ്കരിച്ചു.

ഇടുക്കിയില്‍ വിവിധയിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുകയാണ്. തൊടുപുഴയിലും പീരുമേടും ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ നിരവധി പേർ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നുണ്ട്. ദുരന്തബാധിത മേഖലകളിലെ നാശനഷ്ടങ്ങള്‍ വിലയിരുത്തി കണക്കെടുക്കുകയാണ് അധികൃതർ. ജില്ലയില്‍ രാത്രിയാത്രാ നിരോധനവും തുടരുകയാണ്.