വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാലിനോട് വിദ്യാഭ്യാസ രേഖകള്‍ ഹാജരാക്കാന്‍ ലോകായുക്തയുടെ നിര്‍ദേശം. ഒരു മാസത്തിനകം രേഖകള്‍ സമര്‍പ്പിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഷാഹിദാ കമാലിന്‍റെ വിദ്യാഭ്യാസ യോഗ്യത ചോദ്യം ചെയ്തുള്ള പരാതിയിലാണ് ലോകായുക്തയുടെ ഇടപെടല്‍.
പിഎച്ച്ഡി അടക്കം ഇല്ലാത്ത യോഗ്യതകളാണ് ഷാഹിദാ കമാല്‍ പേരിനൊപ്പം ചേര്‍ക്കുന്നതെന്നാണ് പരാതി. തെരഞ്ഞെടുപ്പിൽ മത്സരിക്കാനും വനിതാ കമ്മീഷൻ അംഗമാകാനാനും വ്യാജ വിദ്യാഭ്യാസ രേഖയും ഡോക്ടറേറ്റും ഹാജരാക്കിയെന്ന് പരാതിയില്‍ പറയുന്നു. വട്ടപ്പാറ സ്വദേശി അഖില ഖാനാണ് പരാതി നൽകിയത്. ഡിഗ്രി വിദ്യാഭ്യാസ യോഗ്യതയില്ലാത്ത ഷാഹിദ കമാൽ ഡോക്ടറേറ്റുണ്ടെന്ന് നവമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുവെന്നും ലോകായുക്തയിൽ നൽകിയ പരാതിയിൽ ആരോപിക്കുന്നു.
രേഖകള്‍ സമര്‍പ്പിക്കാനായില്ലെങ്കില്‍ ലോകായുക്ത കര്‍ശന നടപടികളിലേക്ക് നീങ്ങുമെന്നാണ് സൂചന. പരാതി അടുത്ത മാസം 25ന് വീണ്ടും പരിഗണിക്കും.