കൊച്ചി : പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസണ് മാവുങ്കലിനെ മൂന്ന് ദിവസത്തേക്ക് കൂടി ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. ഒക്ടോബർ രണ്ട് വരെയാണ് കസ്റ്റഡി നീട്ടിയത്. എറണാകുളം എസിജെഎം കോടതിയുടേതാണ് ഉത്തരവ്.
കസ്റ്റഡി നീട്ടണം എന്ന ക്രൈം ബ്രാഞ്ച് ആവശ്യത്തെ പ്രതിഭാഗം എതിർത്തു. മോൻസൻ്റെ അക്കൗണ്ടിലേക്ക് പണം എത്തിയിട്ടില്ലെന്നും ഇല്ലാത്ത പണം കണ്ടെത്താൻ കസ്റ്റഡി നീട്ടരുതെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. വീട്ടിൽ കുറച്ച് സാധനങ്ങൾ ഉണ്ടാക്കിവെച്ചെന്നല്ലാതെ വിൽപ്പനയ്ക്ക് ശ്രമിച്ചിട്ടില്ല. ഈ ആരോപണത്തിൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും പ്രതിഭാഗം വാദിച്ചു. എന്നാൽ ക്രൈം ബ്രാഞ്ചിന്റെ വാദങ്ങൾ കോടതി അംഗീകരിക്കുകയായിരുന്നു. പുരാവസ്തു കാണിച്ച് മോൻസണ് ഉന്നതരെയടക്കം കബളിപ്പിച്ചെന്ന് ക്രൈം ബ്രാഞ്ച് കോടതിയെ അറിയിച്ചു.