തിരുവനന്തപുരം : സ്കൂള്‍ തുറക്കുന്ന ആദ്യഘട്ടത്തില്‍ യൂണിഫോമും ഹാജരും നിര്‍ബന്ധമാക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. അധ്യാപക സംഘടനകളുമായി വിദ്യാഭ്യാസമന്ത്രിയും ഡിപിഐയും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. വിശദമായ മാര്‍ഗരേഖ അഞ്ചാം തീയതി പ്രസിദ്ധീകരിക്കും.
സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ ജില്ലാതല ഏകോപനം അതത് ജില്ലകളുടെ കളക്ടര്‍മാര്‍ക്കായിരിക്കും. ഇതിന്റെ ഭാഗമായി പ്രധാന അധ്യാപകര്‍, ജനപ്രതിനിധികള്‍, വിവിധ വകുപ്പുകളുടെ പ്രതിനിധികള്‍ എന്നിവരുടെ യോഗം കലക്ടര്‍മാര്‍ വിളിച്ചുചേര്‍ക്കും.
ആരോഗ്യപ്രശ്നങ്ങളുള്ള കുട്ടികള്‍ സ്കൂളിലെത്തേണ്ടതില്ല. സ്കൂള്‍ തലത്തില്ജാഗ്രതാ സമിതികള്‍ക്ക് രൂപം നല്‍കും. എല്ലാ അധ്യാപകരും ജീവനക്കാരും വാക്സിന് സ്വീകരിക്കണമെന്നും ഇതിന്റെ ചുമതല അധ്യാപക, അനധ്യാപക സംഘടനകള്‍ ഏറ്റെടുക്കണമെന്നും യോഗത്തില്‍ തീരുമാനമായി.
യോഗ തീരുമാനങ്ങള്‍ ഒറ്റനോട്ടത്തില്‍:
ആദ്യ ഘട്ടം ക്ലാസുകൾ രാവിലെ മുതൽ ഉച്ച വരെ
കുട്ടികളുടെ എണ്ണമനുസരിച്ച് സ്ഥാപനം തിരിച്ച് യാത്രാസൗകര്യം
ക്ലാസിൽ കുട്ടികളുടെ എണ്ണം ഇരുപത് മുതല്‍ മുപ്പത് വരെ
ഹയര്‍സെക്കന്‍ഡറി ബാച്ചുകൾക്ക് ഒന്നിടവിട്ടായിരിക്കും ക്ലാസുകള്‍
രക്ഷിതാക്കള്‍, സ്റ്റാഫ് അംഗങ്ങള്‍, പ്രാദേശിക ജനപ്രതിനിധികൾ, സന്നദ്ധപ്രവർത്തകർ എന്നിവരുടെ യോഗം ചേരും
കുടിവെള്ളം, ഭക്ഷണം എന്നിവ പങ്കുവെക്കുന്നത് ഒഴിവാക്കും
സമീപകടകളിൽ കുട്ടികൾ ഒത്തുകൂടുന്നത് നിയന്ത്രിക്കും
ഹാജർ,യൂണിഫോം നിർബന്ധമാക്കില്ല
അക്കാദമിക് കലണ്ടർ പുനക്രമീകരിക്കും
വിക്ടേഴ്സ് ക്ലാസ് പുനഃക്രമീകരിച്ച് തുടരും
കോടതിയിടപെടലില്ലാത്ത പി.എസ്.സി ഉൾപ്പെടെ നിയമനം ത്വരിതപ്പെടുത്തും
വിദ്യാലയ ശുചീകരണ പ്രവർത്തനങ്ങളിൽ അധ്യാപകസംഘടനകളുടെ സഹകരണം അഭ്യർത്ഥിച്ചു
അധ്യാപക സർവീസ് പ്രശ്നങ്ങൾ പരിഹരിക്കാൻ /ഫയൽ തീർപ്പാക്കാൻ അടുത്ത നിയമസഭാസമ്മേളനത്തിന് ശേഷം അദാലത്ത് സംഘടിപ്പിക്കും
എയ്ഡഡ് നിയമന സ്റ്റേ നീക്കികിട്ടാൻ സർക്കാർതലത്തിൽ ഇടപെടും