തിരുവനന്തപുരം : മുട്ടിൽ മരം കേസിൽ പ്രതികളുമായി ചേർന്ന് ഗൂഢാലോചന നടത്തുകയും വനം കൊള്ള റിപ്പോർട്ട് ചെയ്ത ഉദ്യോഗസ്ഥനെതിരെ വ്യാജവാർത്ത ചമയ്ക്കുകയും ചെയ്ത മാധ്യമപ്രവർത്തകനായ ദീപക് ധർമ്മടത്തെ പ്രതി ചേർക്കാത്തത് എന്തുകൊണ്ടാണെന്ന് മുൻ യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ എംപി. മുഖ്യമന്ത്രി പിണറായി വിജയന്റെ അടുപ്പക്കാരനായ ഇയാൾക്കെതിരെ കേരള പ്രത്രപ്രവർത്തക യൂണിയൻ പോലും നടപടി എടുത്തപ്പോൾ കേസിൽ പ്രതി ചേർക്കാൻ പോലും തയാറാകാത്തത് മുഖ്യമന്ത്രിയുടെ സംരക്ഷണം ഉള്ളതിനാലാണെന്നും ബെന്നി ബഹനാൻ ആരോപിച്ചു.
മരം മുറി കേസിലെ രണ്ടാം പ്രതി ആന്റോ അഗസ്റ്റിനുമായി ദീപക് ധർമ്മടം 59 ദിവസങ്ങളിൽ മണിക്കൂറുകളോളം ഫോണിൽ സംസാരിച്ചിട്ടുണ്ട്. 114 ഫോൺ കോളുകളാണ് ഇവർ തമ്മിൽ വിളിച്ചിരിക്കുന്നത്. 54 തവണ ദീപക് ധർമ്മടം ആന്റോയെയും തിരികെ 55 തവണയും വിളിച്ചിട്ടുണ്ട്. എട്ടു മണിക്കൂറോളമാണ് മരം മുറി കേസിലെ പ്രതിയുമായി ദീപക് ധർമ്മടം സംസാരിച്ചത്. ഇതിനെ കുറിച്ച് അന്വേഷിക്കാൻ പോലും സർക്കാർ തയാറായിട്ടില്ല. 500 കോടി രൂപയുടെ മരം മുറി കേസിലാണ് നിരവധി കേസിലെ പ്രതിയായ ആന്റോയുമായി പിണറായി വിജയന്റെ വിശ്വസ്തനായ ദീപക് ധർമ്മടം സംസാരിച്ചത്. ഇയാൾക്കെതിരെ സ്വാഭാവികമായും എഫ്ഐആർ ഉണ്ടാകേണ്ടതാണ്.
തെരഞ്ഞെടുപ്പിന് മുമ്പ് പിണറായി ആദ്യ അഭിമുഖം നൽകിയതും ദീപക് ധർമ്മടത്തിനാണ്. മരം മുറി കേസ് സജീവമായി നിൽക്കവേ മുഖ്യമന്ത്രിയെ ഇയാൾ വീട്ടിലെത്തി കണ്ടതിലും ഒന്നിച്ചുനിന്ന് ചിത്രങ്ങൾ എടുത്തതിലും ദുരൂഹതയുണ്ട്. ഇവർ തമ്മിലുള്ള ബന്ധത്തെക്കുറിച്ചും അന്വേഷിക്കണം. മരം മുറിക്കേസിൽ മുഖ്യമന്ത്രിയുടെ ഏജന്റായി പ്രവർത്തിക്കുകയായിരുന്നു ദീപക് ധർമ്മടം എന്ന് ന്യായമായും സംശയിക്കാം. പിണറായി വിജയനുമായി ഇയാൾക്കുള്ള ബന്ധം അന്വേഷിക്കപ്പെടണം. മുഖ്യമന്ത്രിയുമായുള്ള ബന്ധം ദുരുപയോഗപ്പെടുത്തിയ ഇയാളെ പ്രതിയാക്കണം. പ്രതികളെ രക്ഷപ്പെടുത്താൻ ശ്രമിച്ചതിനെതിരെ നടപടി ഉണ്ടാകണമെന്നും ബെന്നി ബഹനാൻ ആവശ്യപ്പെട്ടു.