കോഴിക്കോട് : നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പർക്ക പട്ടികയില്‍ നിലവിൽ ഹൈറിസ്ക് വിഭാഗത്തിൽ പെടുത്തിയ 20 പേർ ഉൾപ്പെടെ 188 പേരുണ്ടെന്നും കണക്ക് ഇനിയും ഉയർന്നേക്കുമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ്ജ് പറഞ്ഞു. സമ്പർക്കത്തിൽ വന്ന ഏഴുപേരുടെ സാമ്പിൾ പരിശോധനക്കായി പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചതായും അവർ പറഞ്ഞു.
രോഗ ഉറവിടം കണ്ടെത്താൻ ഊർജിത ശ്രമം നടക്കുകയാണ് . മരിച്ച കുട്ടിയുടെ വീട്ടിലെ ആട് രണ്ട് മാസം മുമ്പ് ചത്തിരുന്നു. ഇതിന് നിപയുമായി ബന്ധമില്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. മരിച്ച കുട്ടിയുടെ അമ്മയും രണ്ട് ആരോഗ്യ പ്രവർത്തകരും ലക്ഷണങ്ങളോടെ ചികിൽസയിലാണ്. ഇവരുടെ നില ഗുരുതരമല്ല.
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ സ്രവ പരിശോധനക്കായി വൈറോളജി ലാബ് സജ്ജീകരിക്കുകയാണ്. ഇതിനായി പ്രത്യേക സംവിധാനമൊരുക്കാമെന്ന് പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടും അറിയിച്ചിരുന്നു.
നിപ ചികിൽസയിലും പ്രതിരോധത്തിലും ആരോഗ്യ പ്രവർത്തകർക്ക് പരിശീലനം ഇന്ന് മുതൽ തുടങ്ങും. നിപ ചികിത്സ മെഡിക്കൽ കോളജ് ആശുപത്രിയുടെ മറ്റ് ചികിൽസകളെ ബാധിക്കില്ല. ആശുപത്രിയിലേക്ക് കൂടുതൽ ആരോഗ്യ പ്രവർത്തകരെ ഏർപ്പെടുത്താനുള്ള നടപടി തുടങ്ങിയെന്നും ആരോഗ്യമന്ത്രി കോഴിക്കോട് പറഞ്ഞു.