തിരുവനന്തപുരം : സംസ്ഥാനത്ത് നിലവിലെ കൊവിഡ് നിയന്ത്രണങ്ങള്‍ തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. രാത്രി 10 മുതൽ രാവിലെ ആറു വരെയുള്ള രാത്രികാല കർഫ്യൂവും ഞായറാഴ്ച ലോക്ക്ഡൗണും തുടരും. ചൊവ്വാഴ്ച ചേരുന്ന അവലോകന യോഗത്തിന് ശേഷം നിയന്ത്രണം തുടരണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കൂടുന്നതാണ് കാണാന്‍ കഴിയുന്നത്. അതേസമയം ഓണത്തിന് ശേഷം കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഭയപ്പെട്ടതുപോലുള്ള വര്‍ധനവ് ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊവിഡിനെതിരേ ‘ബി ദ വാരിയര്‍’ എന്ന ക്യാമ്പെയ്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. എല്ലാവരും സ്വയം കൊവിഡ് പ്രതിരോധ പോരാളികളായി മാറുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.
പ്രായമായവരിലും അനുബന്ധ രോഗങ്ങളുള്ളവരിലും വാക്സിനെടുക്കാത്തവരുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് വാക്സിന് സ്വീകരിക്കണം. സംസ്ഥാനത്ത് 18 വയസിന് മുകളിലുള്ള 75 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് നല്കി കഴിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ കേരളം പൂര്‍ണമായും തുറന്നുകൊടുക്കുകയെന്ന നിലപാടിനോട് സര്‍ക്കാര്‍ യോജിക്കുന്നില്ല. ഒരാഴ്ചയ്ക്കകം രോഗം നിയന്ത്രിക്കാനുള്ള കടുത്ത നടപടികളിലേക്കു സര്‍ക്കാര്‍ നീങ്ങുകയാണ്.
വീടുകളില്‍ ക്വാറന്റൈനില്‍ കഴിയുന്നവരെയും ഐസൊലേഷനില്‍ കഴിയുന്നവരെയും കര്‍ശന നിരീക്ഷണത്തിനു വിധേയമാക്കും. ക്വാറന്റൈന് ലംഘിച്ചാല്‍ അഞ്ഞൂറ് രൂപയ്ക്കു മുകളില്‍ കടുത്ത പിഴ ചുമത്തും. പുറത്തിറങ്ങി നടക്കുന്നവരെ സ്വന്തം ചെലവില്‍ ക്വാറന്റീന് കേന്ദ്രങ്ങളിലേക്ക് 14 ദിവസത്തേക്കു മാറ്റും. മറ്റു സംസ്ഥാനങ്ങളിലേതു പോലെ രോഗം നിയന്ത്രിച്ചിട്ട് സ്കൂളുകള്‍ തുറന്നാല്‍ മതിയെന്നാണു പൊതുധാരണ. രാത്രികാല കര്‍ഫ്യൂവും ഞായറാഴ്ച ലോക്ക്ഡൗണും തുടരണോ എന്നത് ചൊവ്വാഴ്ച ചേരുന്ന അവലോകന യോഗത്തില്‍ തീരുമാനിക്കും.