തൃശൂര്‍ : ടി.പി ചന്ദ്രശേഖരന് കൊലപാതകക്കേസിലെ മുഖ്യപ്രതി കൊടി സുനിയുടെ സെല്ലില്‍ നിന്ന് മൊബൈല്‍ ഫോണും കഞ്ചാവും പിടികൂടി. വെള്ളിയാഴ്ച അതിരാവിലെ ജയിലധികൃതര്‍ നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. ജയിലില്‍ ഫോണ്‍ വിളിച്ചുകൊണ്ടിരിക്കവെയാണ് അധികൃതരെത്തിയത്. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ കൊടി സുനിയെ ബലപ്രയോഗത്തിലൂടെയാണ് കീഴ്പ്പെടുത്തിയതെന്നാണ് റിപ്പോർട്ട്.
കൊടി സുനിയുടെ സെല്ലില്‍ നിന്ന് മൊബൈല്‍ ഫോണ്‍ ചാര്‍ജര്‍, കത്രിക തുടങ്ങിയവയും കണ്ടെടുത്തു. മൊബൈല്‍ ഫോണ്‍ കണ്ടെത്തിയതിനെ ത്തുടര്‍ന്ന് കൂടുതല്‍ പരിശോധനയ്ക്കെത്തിയപ്പോഴാണ് ജയില്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയത്. ബലപ്രയോഗത്തിന് ശേഷമാണ് സുനിയെ കീഴ്പ്പെടുത്തി കൂടുതല്‍ പരിശോധന നടത്തിയതെന്നാണ് വിവരം. ഇതിന് പിന്നാലെ സുനിയെ അതിസുരക്ഷാ ജയിലിലേക്ക് മാറ്റി.
ജയിലില്‍ സി ബ്ലോക്കിലെ സെല്ലില്‍ കൊടിസുനി ഒറ്റയ്ക്കാണ് കഴിയുന്നത്. കൊടി സുനിക്ക് ഫോണും മറ്റു വസ്തുക്കളും എവിടെനിന്ന് കിട്ടിയെന്നത് സംബന്ധിച്ച് ജയിലധികൃതര്‍ അന്വേഷണം ആരംഭിച്ചതായാണ് വിവരം. അതേസമയം കൊടി സുനി ഉള്‍പ്പെടെയുള്ള ടി.പി വധക്കേസിലെ സിപിഎമ്മുകാരായ പ്രതികള്‍ സ്വര്‍ണ്ണക്കടത്ത് ഉള്‍പ്പെടെയുള്ള ക്വട്ടേഷന്‍ ഇടപാടുകള്‍ ജയിലില്‍ നിന്ന് നിയന്ത്രിക്കുന്നുണ്ട് എന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. ഇക്കാര്യവും ഇതിനൊപ്പം ചേർത്തുവായിക്കേണ്ടതുണ്ട്. കൊടി സുനിക്കും സംഘത്തിനും സഹായം നല്‍കുന്നത് ആരാണെന്നത് ഇതിനോടകം ചര്‍ച്ചയായിട്ടുണ്ട്. സംരക്ഷിക്കപ്പെടുന്നവര്ക്കെതിരെയുള്ള അന്വേഷണം പ്രഹസനമാകുമെന്നാണ് ഉയരുന്ന ആക്ഷേപം.