എസ്എഫ്ഐക്ക് വേണ്ടി തോറ്റവരെ ജയിപ്പിക്കാനുള്ള നീക്കം ; കേരള സർവകലാശാലയുടെ നടപടി കൂടുതല്‍ വിവാദത്തില്‍

Jaihind Webdesk
Saturday, August 21, 2021

 

തിരുവനന്തപുരം : എസ്എഫ്ഐയുടെ ആവശ്യപ്രകാരം തോറ്റ വിദ്യാർത്ഥികളെ ജയിപ്പിക്കാനുള്ള കേരള സർവകലാശാലയുടെ നീക്കം കൂടുതൽ വിവാദത്തിലേക്ക്. തോറ്റ വിദ്യാർത്ഥികൾ നൽകിയ പരാതി പരിശോധിക്കാൻ വിസി ചുമതലപ്പെടുത്തിയ ഡീൻ മീറ്റിംഗിൽ പങ്കെടുത്തില്ല. വകുപ്പ് മേധാവിയും സിഎസ്എസ് വൈസ് ചെയർമാനും എസ്എഫ്ഐ ക്യാമ്പസ്‌ നേതാവും പങ്കെടുത്ത കാര്യം നിഷേധിക്കാതെ സർവകലാശാല.

കേരള സർവകലാശാലയിൽ മൂന്നാം സെമസ്റ്റർ എംബിഎ പരീക്ഷയിൽ തോറ്റ മൂന്ന് വിദ്യാർത്ഥികളുടെ ഉത്തരക്കടലാസ് മൂന്നാം തവണയും പുനപരിശോധിക്കണമെന്ന് എസ്എഫ്ഐ ആവശ്യപ്പെട്ടിരുന്നു. ഇതോടെ എംബിഎ വകുപ്പ് മേധാവിയും സിഎസ്എസ് വൈസ് ചെയർമാനും യോഗം ചേർന്ന് ഉത്തരക്കടലാസുകൾ മൂന്നാം തവണയും പുനഃപരിശോധിക്കാൻ തീരുമാനിക്കുകയായിരുന്നു. ഈ യോഗത്തിൽ എസ്എഫ്ഐ നേതാവും പങ്കെടുത്തു.

സിഎസ്എസ് പരീക്ഷ റെഗുലേഷൻ പ്രകാരം വിദ്യാർത്ഥികൾക്ക് ലഭിച്ച മാർക്ക്‌ അതതു വകുപ്പിൽ പ്രസിദ്ധീകരിച്ച് 15 ദിവസത്തിന് ശേഷമാണ് പരീക്ഷാ കൺട്രോളർക്ക് കൈമാറുന്നത്. യഥാസമയം പരാതിപ്പെടാതെ വകുപ്പ് മേധാവി മാറുന്നത് വരെ കാത്തിരുന്ന ശേഷം പരാതിപ്പെടുന്നതും പരാതി വൈകി പരിഗണിക്കുന്നതും നിയമപരമല്ല. വിസി പുതിയ വകുപ്പ് മേധാവിയെ പരാതി പരിശോധിക്കാൻ ചുമതലപ്പെടുത്തിയത് ദുരൂഹമാണെന്ന ആക്ഷേപമാണ് ഉയരുന്നത് .

യൂണിവേഴ്സിറ്റി ചട്ടമനുസരിച്ച് വൈസ് ചാൻസലർ ചെയർമാനായ അക്കാദമിക് കമ്മിറ്റിക്ക് പോലും യൂണിവേഴ്സിറ്റി റെഗുലേഷന് വിരുദ്ധമായി തീരുമാനമെടുക്കാൻ അധികാരമില്ല. പിജി പരീക്ഷകൾക്ക് രണ്ട് മൂല്യനിർണയമാണുള്ളത്. ആദ്യ മൂല്യനിർണയം വകുപ്പുകളിലെ അധ്യാപകരും രണ്ടാം മൂല്യനിർണയം സർവകലാശാലയ്ക്ക് പുറത്തുള്ള അധ്യാപകരുമാണ് നടത്തുന്നത്. മൂല്യനിർണയങ്ങളിൽ ലഭിക്കുന്ന മാർക്കുകളിലെ വ്യത്യാസം  10 ശതമാനത്തില്‍ കൂടുതലാണെങ്കിൽ മാത്രമാണ് മൂന്നാമത് മൂല്യനിർണയം നടത്താന്‍ വ്യവസ്ഥയുള്ളത്. എന്നാല്‍ തോറ്റ മൂന്ന് വിദ്യാർത്ഥികളുടെയും മൂല്യനിർണയങ്ങളിലെ മാർക്ക് വ്യത്യാസം 10 ശതമാനത്തിന് താഴെ ആണ്. എസ്എഫ്ഐയുടെ ഇടപെടലില്‍ ഈ മൂന്ന് വിദ്യാർത്ഥികളുടെ ഉത്തരക്കടലാസ് മാത്രമായി മൂന്നാമതും മൂല്യനിർണയം നടത്തി ജയിപ്പിക്കുകയാണ് ലക്ഷ്യം.

രണ്ടാമത് മൂല്യനിർണയം നടത്തുന്ന അധ്യാപകൻ സർവകലാശാലക്ക് പുറത്തുനിന്നായതിനാൽ വ്യക്തി വൈരാഗ്യമെന്ന തോറ്റ വിദ്യാർഥികളുടെ ആരോപണത്തിൽ കഴമ്പില്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. എംബിഎ പരീക്ഷകൾ പരീക്ഷാ കൺട്രോളറുടെ നിയന്ത്രണത്തിലാണ് നടത്തുന്നത്. അതുകൊണ്ടുതന്നെ സർവകലാശാല പരീക്ഷാ റെഗുലേഷൻ സിഎസ്എസ് പരീക്ഷകൾക്കും ബാധകമാണ്. അതുപ്രകാരം മൂന്നാമത് പുനർമൂല്യനിർണ്ണയം നടത്താൻ ആർക്കും അധികാരമില്ലായെന്നിരിക്കെ ഒരൂ വർഷം മുൻപ് നടന്ന പരീക്ഷകളുടെ മൂല്യനിർണയം തെറ്റാണെന്ന് റിപ്പോർട്ട് വാങ്ങി വീണ്ടും പുനർമൂല്യനിർണയം നടത്തി വിദ്യാർത്ഥികളെ വിജയിപ്പിക്കാനാണ് സർവകലാശാലയുടെ നീക്കം.വിസി ചുമതപ്പെടുത്തിയ കമ്മിറ്റിയും പുനർമൂല്യനിർണയം നടത്താനാണ് വിസിക്ക് റിപ്പോർട്ട്‌ നൽകിയിട്ടുള്ളതെന്നാണ് സൂചന.

സാങ്കേതിക സർവകലാശാലയിൽ മുൻ വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിന്‍റെ നിർദ്ദേശാനുസരണം മൂന്നാം തവണയും പുനർമൂല്യനിർണയം നടത്തി ബി.ടെക് വിദ്യാർത്ഥിയെ ജയിപ്പിച്ചിരുന്നു. ഇതിന്‍റെ ചുവട് പിടിച്ചാണ് കേരള സർവകലാശാലയിലെയും  നടപടി. സർവകലാശാല ചടങ്ങള്‍ക്ക് വിരുദ്ധമായി തോറ്റ വിദ്യാർത്ഥികളുടെ ഉത്തരകടലാസുകൾ മൂന്നാം തവണയും പുനഃപരിശോധിക്കാനുള്ള തീരുമാനം അംഗീകരിക്കരുതെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പെയ്ൻ കമ്മിറ്റി കേരള സർവകലാശാല വിസിയോട് ആവശ്യപ്പെട്ടു.