കൊവിഡാനന്തര ചികിത്സയ്ക്ക് പണം ഈടാക്കുന്നത് ദുരിതകാലത്തെ കൊള്ള; സർക്കാർ തീരുമാനം പിന്‍വലിക്കണമെന്ന് ജി ദേവരാജന്‍

Jaihind Webdesk
Friday, August 20, 2021

 

കൊവിഡാനന്തര ചികിത്സയ്ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ പണമീടാക്കാന്‍ നിര്‍ദ്ദേശിച്ചുകൊണ്ടുള്ള ഉത്തരവ് പിന്‍വലിക്കണമെന്ന് ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി ദേവരാജന്‍. സർക്കാർ ഉത്തരവ് ദുരിതകാലത്തെ കൊള്ളയും സാധാരണക്കാരെ ദ്രോഹിക്കുന്ന നടപടിയുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇതുവരെ സൗജന്യമായിരുന്ന ചികിത്സയാണ് ഇപ്പോള്‍ എപിഎല്‍ കാര്‍ഡുള്ളവര്‍ക്ക് നിഷേധിച്ചുകൊണ്ട് ഉത്തരവിറക്കിയിരിക്കുന്നത്. കേന്ദ്ര മാനദണ്ഡങ്ങള്‍ അനുസരിച്ച് മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമായി കേരളത്തിലെ കുടുംബങ്ങളില്‍ ഭൂരിപക്ഷവും എ.പി.എല്‍ വിഭാഗത്തില്‍പ്പെടുന്നവരാണ്. ഒരു ഇരുചക്രവാഹനമോ സ്വന്തമായി ഒരു തുണ്ട് ഭൂമിയോ വീടോ ഉണ്ടാകുന്നതോ ഒക്കെ എ.പി.എല്‍ ആകുന്നതിനുള്ള മാനദണ്ഡങ്ങള്‍ ആകുമ്പോള്‍ ചെറുകിട കച്ചവടക്കാര്‍, ഹോട്ടല്‍-റെസ്റ്റോറന്റുകള്‍ നടത്തുന്നവര്‍, ടാക്സി ഡ്രൈവറന്മാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, സാധാരണക്കാരായ പ്രവാസികള്‍ തുടങ്ങിയവരെല്ലാം ബി.പി.എല്‍ പട്ടികയ്ക്ക് പുറത്താണ്. കോവിഡ് ലോക്ക്ഡൌണ്‍ മൂലം ഈ വിഭാഗത്തില്‍പ്പെട്ടവരെല്ലാം ദുരിതമനുഭവിക്കുകയാണ്. ഇവരെ സഹായിക്കാനുള്ള ഉത്തരവാദിത്വത്തില്‍ നിന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ ഒഴിഞ്ഞുമാറുന്നത്.

സര്‍ക്കാര്‍ ആശുപത്രികളില്‍ കിടക്കയ്ക്ക് 2000 രൂപ വരെയും സ്വകാര്യ ആശുപത്രികളില്‍ 15180 രൂപ വരെയും പ്രതിദിനം ഈടാക്കാനാണ് ഇപ്പോള്‍ ഉത്തരവിറക്കിയിരിക്കുന്നത്. ജനങ്ങളുടെ മൗലികാവകാശമായ ആരോഗ്യ ചികിത്സ സര്‍ക്കാര്‍ ആശുപത്രികളിലൂടെ സൗജന്യമായി നല്‍കേണ്ടുന്നതു നിഷേധിക്കുകയും സ്വകാര്യ ആശുപത്രികള്‍ക്ക് ചൂഷണത്തിനുള്ള അവസരം ഒരുക്കി നല്‍കുകയും ചെയ്യുന്നത് ഇടതു രാഷ്ട്രീയത്തിനു യോജിച്ച നടപടിയല്ല. വാക്സിന്‍ ചാലഞ്ചിലൂടെ 800 കോടി രൂപയിലധികം ലഭിച്ചുവെന്നും അതില്‍നിന്നും കേവലം 30 കോടി രൂപയോളമാണ് വാക്സിന്‍ വാങ്ങാന്‍ ചെലവഴിച്ചതെന്നുമുള്ള വസ്തുത നിയമസഭയില്‍ വെളിപ്പെടുത്തിയ സാഹചര്യത്തിലും കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നുവെന്നപേരില്‍ പൊതുജനങ്ങളില്‍ നിന്നും പിഴയായി 125 കോടിയോളം രൂപ പോലീസ് മുഖാന്തിരം പിരിച്ചെടുത്തിരിക്കുന്ന സാഹചര്യത്തിലും കൊവിഡാനന്തര ചികിത്സയ്ക്ക് പണമീടാക്കാനുള്ള നിര്‍ദ്ദേശം ദുരിതകാലത്തെ കൊള്ളയടിയും മനുഷ്യത്വരഹിതവുമായ സമീപനമാണ്. കൊവിഡ് ചികിത്സയേക്കാള്‍ ചിലവേറിയതാണ് കൊവിഡാനന്തര ചികിത്സയെന്നിരിക്കെ അത്തരം ചികിത്സയ്ക്ക് പണമീടാക്കാനുള്ള ഉത്തരവ് സാധാരണക്കാരെ ദ്രോഹിക്കുന്ന നടപടിയാണെന്നും ദേവരാജന്‍ കൂട്ടിച്ചേര്‍ത്തു.