കാമുകിക്കൊപ്പം ജീവിക്കാന്‍ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്നു : പ്രതിയെ കൈകാര്യം ചെയത് നാട്ടുകാർ

Jaihind Webdesk
Wednesday, August 18, 2021

കൊല്ലം : കാമുകിക്കൊപ്പം ജീവിക്കാൻ ഭാര്യയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിലായി. തെളിവെടുപ്പിനായി കൊണ്ടു വരുന്നതിനിടെ, ഇയാൾക്കു നാട്ടുകാരുടെ മർദനമേറ്റു. മൈലാപ്പൂര് തൊടിയിൽ വീട്ടിൽ ബിലാൽ ഹൗസിൽ നിഷാന എന്ന സുമയ്യയെ (25) കൊലപ്പെടുത്തിയ കേസിലാണു ഭർത്താവ് നിസാമിനെ (39) അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ശനിയാഴ്ച രാവിലെയാണു സംഭവം. അടുക്കളയിൽ സുമയ്യ അവശനിലയിൽ കിടക്കുന്നതായി കണ്ടെന്നാണു നിസാം ബന്ധുക്കളോടും നാട്ടുകാരോടും പറഞ്ഞത്. ആദ്യം സമീപത്തെ ക്ലിനിക്കിലെത്തിച്ചെങ്കിലും സ്ഥിതി ഗുരുതരമായതോടെ പാലത്തറയിലെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ സുമയ്യ മരിച്ചു.

പൊലീസ് സംഘം നടത്തിയ ചോദ്യംചെയ്യലിലാണു കൊലപാതകമാണെന്നു തെളിഞ്ഞത്. കഴുത്തിൽ പാടുകൾ കണ്ടെന്നും സുമയ്യ അത്യാസന്ന നിലയിലായിരുന്നെന്നുമുള്ള മൊഴികൾ ആശുപത്രിയിൽനിന്നു പൊലീസിനു ലഭിച്ചിരുന്നു. സംഭവദിവസവും വഴക്കുണ്ടായതോടെ, നിസാം സുമയ്യയുടെ കഴുത്തിൽ ഷാളിട്ടു മുറുക്കുകയായിരുന്നെന്നു പൊലീസ് പറയുന്നു. ഇന്നലെ രാവിലെ നിസാമിനെ തെളിവെടുപ്പിനായി മൈലാപ്പൂരുള്ള വീട്ടിൽ കൊണ്ടു വന്നു മടങ്ങിയപ്പോഴാണു തടിച്ചു കൂടിയ നാട്ടുകാർ പ്രകോപിതരായത്. കൂടുതൽ പൊലീസ് എത്തിയാണു മർദനത്തിൽ നിന്ന് ഇയാളെ രക്ഷപ്പെടുത്തിയത്. കാമുകിയെന്ന് ആരോപിക്കപ്പെടുന്ന യുവതിയുടെ പിതാവിന്‍റെ കട നാട്ടുകാർ അടിച്ചുതകർക്കുകയും ചെയ്തു.