കൊച്ചി : എറണാകുളം നിയോജകമണ്ഡലത്തിലെ ഓൺലൈൻ പഠന സൗകര്യമില്ലാത്ത 50 വിദ്യാർത്ഥികൾക്ക് ടി.ജെ വിനോദ് എംഎൽഎയുടെ നേതൃത്വത്തിൽ മൊബൈൽ ഫോണുകൾ വിതരണം ചെയ്തു. മണപ്പുറം ഫൌണ്ടേഷന്റെ ജന്മനാടിനോടൊപ്പം മണപ്പുറം എന്ന പദ്ധതിയുടെ ഭാഗമായി ടി.ജെ വിനോദ് എംഎൽഎ യുടെ എജ്യു മൊബൈൽ ചലഞ്ചിലേക്ക് മണപ്പുറം ഗ്രൂപ്പ് കൈമാറിയ മൊബൈൽ ഫോണുകളാണ് വിതരണം ചെയ്തത്.
സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള 50 കുടുംബങ്ങളിലെ കുട്ടികൾക്ക് ടി.ജെ വിനോദ് എംഎൽഎ യും മണപ്പുറം ഗ്രൂപ്പ് കോ-പ്രോമോട്ടോർ സുഷമ നന്ദകുമാറും ചേർന്ന് ഫോണുകൾ കൈമാറി. എറണാകുളം ഗവണ്മെന്റ് ഗേൾസ് ഹൈസ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ വിദ്യാർഥികളെ പ്രതിനിധീകരിച്ച് മാതാപിതാകളും അധ്യാപകരുമാണ് ഫോണുകൾ ഏറ്റുവാങ്ങിയത്. കൊവിഡ് കാലഘട്ടത്തിൽ ഡിജിറ്റൽ ഡിവൈഡ് മൂലം പഠനം മുന്നോട്ട് കൊണ്ട് പോകുവാൻ സാധിക്കാതെ പ്രയാസപ്പെടുന്ന വിദ്യാർത്ഥികൾക്ക് മണപ്പുറം ഗ്രൂപ്പ് നൽകുന്ന സംഭാവന വളരെ പ്രശംസനീയമാണെന്ന്ടി.ജെ വിനോദ് എംഎൽഎ പറഞ്ഞു.
റീജണൽ വിദ്യാഭ്യാസ ഡയറക്ടർ കെ. ശകുന്തള വിദ്യാർഥികൾക്ക് മൊബൈൽ ഫോണിന്റെ സാധ്യതകളെയും എങ്ങനെ വിവേകപൂർവം ഈ സാഹചര്യത്തിൽ ഊർജസ്വലമായി പഠനം മുന്നോട്ട് കൊണ്ട് പോകാം എന്നതിനെയും കുറിച്ച് വിശദീകരിച്ചു. ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഓമന അധ്യക്ഷത വഹിച്ച ചടങ്ങിൽ മണപ്പുറം ഫൌണ്ടേഷൻ സിഇഒ ജോർജ് ഡി ദാസ് ജന്മനാടിനോടൊപ്പം മണപ്പുറം എന്ന പദ്ധതിയുടെ പ്രാധാന്യവും ആവശ്യകതയും വിവരിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അൻസിലാം, മണപ്പുറം ഫിനാൻസ് സീനിയർ പിആർഒ കെ.എം അഷറഫ്, വിവിധ വിദ്യാലയങ്ങളെ പ്രതിനിധീകരിച്ച് ബിജു, നളിനകുമാരി, ലതികാ പണിക്കർ തുടങ്ങിയവർ പ്രസംഗിച്ചു. എറണാകുളം ജില്ലയിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ഏറ്റവും കൂടുതൽ ഡിജിറ്റൽ പഠനോപകരണങ്ങൾ വിതരണം ചെയ്തത് ടി.ജെ വിനോദ് എംഎൽഎ ആവിഷ്കരിച്ച എജ്യുമൊബൈൽ ചലഞ്ച് വഴിയാണ്.