ഡോളര്‍ കടത്തില്‍ മുഖ്യമന്ത്രിയുടെ മൊഴി എടുക്കാത്തത് എന്തുകൊണ്ട്? ; കേന്ദ്രത്തിന്‍റെ മൗനം അവിശുദ്ധ ബന്ധത്തിന്‍റെ തെളിവെന്ന് കെ സുധാകരന്‍ എം.പി

Jaihind Webdesk
Saturday, August 14, 2021

ന്യൂഡല്‍ഹി : ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രിയെ അന്വേഷണസംഘം ചോദ്യം ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എം.പി. കേന്ദ്ര സർക്കാർ നടപടി എടുക്കാത്തതിൽ ദുരൂഹതയുണ്ട്. സിപിഎമ്മും ബിജെപിയും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന് തെളിവാണിതെന്നും കെ സുധാകരൻ എം.പി ഡല്‍ഹിയില്‍ പറഞ്ഞു.

ഇന്ത്യയുടെ തന്നെ ചരിത്രത്തിലാദ്യമായാണ് ഒരു മുഖ്യമന്ത്രി ഡോളർക്കടത്ത് കേസിൽ ആരോപണവിധേയനാകുന്നത്. പുറത്ത് വന്ന മൊഴിയിൽ യാതൊരു അവ്യക്തതയും ഇല്ല. എന്നിട്ടും എന്തുകൊണ്ടാണ് മുഖ്യമന്ത്രിയുടെ മൊഴി എടുക്കാത്തതെന്ന് കെ സുധാകരൻ എം.പി ചോദിച്ചു.

ഉമ്മൻചാണ്ടിക്കെതിരായി കേസെടുത്തത് മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു. ഇതേ മുഖ്യമന്ത്രി അന്ന് പറഞ്ഞത് ഭരണാധികാരികൾ സംശയത്തിന്‍റെ നിഴലിൽ കടന്നു വന്നാൽ ഭരണത്തിൽ തുടരുന്നത് നീതിയുക്തമല്ല എന്നാണ്. എന്നാൽ പിണറായി വിജയന് ഇത് ബാധകമല്ലേ എന്നും അദ്ദേഹം ചോദിച്ചു.

കേന്ദ്രസർക്കാർ മുഖ്യമന്ത്രിക്കെതിരെ നിയമനടപടിക്ക് ഒരുങ്ങാത്തത് എന്തുകൊണ്ടാണ്. സിപിഎമ്മും ബിജെപിയും തമ്മിൽ അവിശുദ്ധ ബന്ധമാണ്. ഇത് തെരഞ്ഞെടുപ്പിൽ പോലും പ്രതിഫലിച്ചെന്നും അത് ശരിവെക്കുന്നതാണ് ഈ നടപടികളെന്നും കെപിസിസി പ്രസിഡന്‍റ് പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.