തിരുവനന്തപുരം : കൊവിഡ് സാമ്പത്തിക ബാധ്യതയില്‍ പൊറുതിമുട്ടുന്ന ജനങ്ങളെ വീണ്ടും പിഴിഞ്ഞ് പൊലീസ്. നിയന്ത്രണങ്ങളിലെ ഇളവുകള്‍ നിലവില്‍ വന്നിട്ടും പിഴയുടെ പേരില്‍ പൊലീസിന്റെ പിടിച്ചുപറിയും അതിക്രമവും തുടരുകയാണ്. കഴിഞ്ഞ നാല് ദിവസത്തിനകം മാത്രം നാല് കോടിയോളം രൂപയാണ് അർധപട്ടിണിയില്‍ കഴിയുന്ന ജനങ്ങളില്‍ നിന്ന് പിഴയായി പിടിച്ചുവാങ്ങിയത്. പിഴ ചുമത്താനായി ഓരോ പൊലീസ് സ്റ്റേഷനും ക്വോട്ട നിശ്ചയിച്ചു നല്കിയിട്ടുള്ളതാണ് സാധാരണക്കാർക്ക് ദുരിതം സമ്മാനിക്കുന്നത്.
അതേസമയം കൊവിഡ് നിയന്ത്രണങ്ങളുടെ പേരിലുളള പിടിച്ചുപറി തുടരുമ്പോഴും രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതിദിന കൊവിഡ് കണക്കുകള്‍ കേരളത്തിലാണെന്നത് സർക്കാർ സംവിധാനങ്ങളുടെ പരാജയമാണ് വ്യക്തമാക്കുന്നതെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ 70,000ത്തോളം പേരാണ് നടപടി നേരിട്ടത്. ഓരോ സ്റ്റേഷനും ക്വോട്ട നിശ്ചയിച്ച് നല്കിയിരിക്കുന്നതാണ് സാധാരണക്കാര്‍ക്കെതിരായ വ്യാപക നടപടിക്ക് കാരണം. ഓരോ സ്റ്റേഷനിലും പ്രതിദിനം കുറഞ്ഞത് 30 കേസെങ്കിലും എടുക്കണമെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശം. കഴിഞ്ഞ മൂന്നു ദിവസം കൊണ്ട് കൊവിഡ് പ്രൊട്ടോക്കോള്‍ ലംഘനമെന്ന പേരില്‍ 20,709 പേര്‍ക്കെതിരെയാണ് കേസെടുക്കുകയും മാസ്ക് ധരിക്കാത്തതിന് 45,279 പേരില്‍നിന്ന് പിഴ ഈടാക്കുകയും ചെയ്തു. 3,951 പേരെ നിയമലംഘനങ്ങളുടെ പേരില്‍ അറസ്റ്റ് ചെയ്തു. നാല് ദിവസത്തിനിടെ നാല് കോടിയോളം രൂപയാണ് ഇവരില്‍ നിന്ന് പിഴയായി പിഴിഞ്ഞെടുത്തത്.
തീർത്തും സാധാരണക്കാരായ ജനങ്ങള്‍ക്ക് നേരെയാണ് പൊലീസിന്റെ അതിക്രമം കൂടുതലും. നിത്യജീവിതത്തിലെ ചെലവ് കണ്ടെത്താനായി പുറത്തിറങ്ങേണ്ടിവരുന്നവർ പൊലീസ് നടപടിയില്‍ പകച്ചുനില്‍ക്കുകയാണ്. മത്സ്യത്തൊഴിലാളി സ്ത്രീയുടെ മീന്‍ വലിച്ചെറിഞ്ഞത് ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ പൊലീസിനെതിരെ വലിയ പ്രതിഷേധമാണ് ഉയർത്തിയത്. ക്ഷേത്രദർശനത്തിന് പുറത്തിറങ്ങിയ ദളിത് കുടുംബത്തിന് 17,500 രൂപയാണ് പിഴയിനത്തില്‍ പൊലീസ് ചുമത്തിയത്. കടയ്ക്ക് മുന്നില്‍ അവശ്യസാധനങ്ങള്‍ വാങ്ങാന്‍ അഞ്ചാള് എത്തിയെന്ന കാരണത്തിന് 2000 രൂപയാണ് പാലക്കാട്ടെ കച്ചവടക്കാരന് പിഴയിട്ടത്. ഇത്തരത്തില്‍ നിരവധി ദുരനുഭവങ്ങളാണ് ഓരോ ദിവസവും പൊലീസില്‍ നിന്ന് പ്രതിസന്ധിയുടെ കൊവിഡ് കാലത്ത് സാധാരണക്കാരന് നേരിടേണ്ടിവരുന്നത്. ജനങ്ങളെ ചേര്‍ത്തുപിടിക്കേണ്ട പ്രതിസന്ധിയുടെ സമയത്ത് പൊലീസിനെ ഉപയോഗിച്ച് ഖജനാവ് നിറയ്ക്കുന്നതില്‍ മാത്രമാണ് സർക്കാരിന്റെ ശ്രദ്ധയെന്നാണ് ഉയരുന്ന ആക്ഷേപം.