ഓണക്കിറ്റില്‍ വന്‍ അഴിമതി; ഏലക്കായുടെ മറവില്‍ കോടികളുടെ വെട്ടിപ്പ് | JAIHIND EXCLUSIVE

Jaihind News Bureau
Monday, August 2, 2021

 

ഇടുക്കി : ഓണക്കിറ്റിലെ ഏലക്കായുടെ മറവിൽ വൻ അഴിമതിയെന്ന് ആക്ഷേപം. വിപണി വിലയേക്കാൾ കൂടിയ തുകയ്ക്ക് കരാർ നൽകി മോശം ഏലക്കായാണ് കിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നാണ് ആരോപണം. ഒരുലക്ഷത്തി എൺപതിനായിരം കിലോ ഏലക്കാ ഓണക്കിറ്റിൽ ഉൾപ്പെടുത്തിയതിലൂടെ കോടികളുടെ ലാഭം കരാറുകാർക്ക് ലഭിക്കുമ്പോഴും കർഷകർക്ക് വിപണി വിലയേക്കാൾ ഒരു രൂപ പോലും കൂടുതൽ ലഭിച്ചില്ല.

ഇടുക്കി ജില്ലയിൽ നിന്നും ഏലക്ക സംഭരണം നടത്തുന്നതിന് സിവിൽ സപ്ലൈസ് വകുപ്പ് നൽകിയിരിക്കുന്ന കരാറിലാണ് ക്രമക്കേടുണ്ടെന്ന് ആരോണം ഉയർന്നിരിക്കുന്നത്. ഉയർന്ന ഗുണനിലവാരമുള്ള ഏലക്കായുടെ നിലവിലെ വിപണി വില 1,100 രൂപയാണ്. എന്നാൽ 1,400 രൂപയ്ക്ക് ഏലക്കാ സംഭരിക്കുന്നതിനാണ് സിപിഎം ഭരിക്കുന്ന സഹകരണ ബാങ്ക് ഉൾപ്പടെയുള്ള ഏജൻസികൾക്ക് വകുപ്പ് കരാർ നൽകിയിരിക്കുന്നത്. അതേസമയം വിവിധ ഗുണനിലവാരത്തിലുള്ള ഏലക്കായുടെ മിശ്രിതമാണ് കിറ്റിലുൾപ്പെടുത്താനായി പാക്ക് ചെയ്ത് കൈമാറിയിരിക്കുന്നത്.

ഓണക്കിറ്റിൽ 20 ഗ്രാം ഏലക്കാ ഉൾപ്പെടുത്താനാണ് സർക്കാർ തീരുമാനിച്ചത്. ഇതിനായി 180 ലക്ഷം കിലോ ഏലക്കായാണ് ജില്ലയിൽ നിന്നും സംഭരിക്കുന്നത്. ഇതിനായി മൂന്ന് ഏജൻസികൾക്കാണ് കരാർ നൽകിയിരിക്കുന്നത്. ജില്ലയിൽ നിന്നും സിപിഎം ഭരിക്കുന്ന ഒരു സഹകരണ ബാങ്കിനാണ് ഏലക്കാ വിതരണത്തിന് കരാർ ലഭിച്ചിരിക്കുന്നത്. എന്നാൽ കരാറിലൂടെ ഇടനിലക്കാരായി നിൽക്കുന്ന ഏജൻസിക്ക് വൻ ലാഭം ഉണ്ടാകുന്നതല്ലാതെ കർഷകന് വിപണി വിലയേക്കാൾ ഒരു രൂപപോലും കൂടുതൽ ലഭിച്ചിട്ടില്ലെന്നാണ് ഉയരുന്ന ആരോപണം.

കരാർ നേടിയ ജില്ലയിലെ സഹകണ ബാങ്ക് 30 ടൺ ഏലക്കായാണ് സംഭരിച്ച് സിവിൽ സപ്ലൈസ് വകുപ്പിന് കൈമാറുന്നത്. ബാങ്കിന്‍റെ നേതൃത്വത്തിൽ കൊവിഡ് കാലത്ത് 700 രൂപമുതൽ 1000 രൂപവരെ വില നൽകി ശേഖരിച്ച ഏലക്കായും ബാങ്ക് പ്രവർത്തിക്കുന്ന മേഖലയിലെ വിവിധ വ്യാപാരികളിൽ നിന്നുമാണ് ഏലക്കാ സംഭരണം നടന്നിരിക്കുന്നത്. ഇത്തരത്തിൽ ശേഖരിച്ച വിവിധ നിലവാരത്തിലുള്ള ഏലക്കാ കൂട്ടിക്കലർത്തി പായ്ക്ക് ചെയ്താണ് സിവിൽ സപ്ലൈസ് വകുപ്പിന് കൈമാറിയിരിക്കുന്നത്. കരാറിലൂടെ കോടികളുടെ കൊള്ളലാഭമാണ് ബാങ്കിന് ലഭിക്കുന്നതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇത്തരത്തിൽ 180 ലക്ഷം കിലോ ഏലക്കാ സംഭരണത്തിൽ കോടികളുടെ അഴിമതിയാണ് നടന്നിരിക്കുന്നതെന്നു മാണ് ഉയരുന്ന ആരോപണം.