സോണിയാ ഗാന്ധിയും മമതാ ബാനർജിയും കൂടിക്കാഴ്ച്ച നടത്തി : ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുക ലക്ഷ്യം

Jaihind Webdesk
Wednesday, July 28, 2021

ന്യൂഡല്‍ഹി : ബിജെപിക്കെതിരായ ദേശീയ തലത്തിലെ പ്രതിപക്ഷ സഖ്യനീക്കം സംബന്ധിച്ച് സോണിയ ഗാന്ധിയുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി കൂടിക്കാഴ്ച നടത്തി. വൈകുന്നേരം നാല് മണിക്ക് സോണിയ ഗാന്ധിയുടെ വസതിയിലെത്തി ആയിരുന്നു കൂടിക്കാഴ്ച. സഖ്യത്തെ ആരുനയിച്ചാലും പ്രശ്നമില്ലെന്നും ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റുമെന്നുമാണ്   മമതയുടെ നിലപാട്. രാഹുല്‍ ഗാന്ധിയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു. സഖ്യനീക്കത്തിന് ഇരുവരും പിന്തുണ അറിയിച്ചെന്നും കൂടുതല്‍ ചര്‍ച്ചകളിലേക്ക് കടക്കാമെന്ന് വ്യക്തമാക്കിയെന്നുമാണ് വിവരം.

സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചക്ക് മുന്‍പ് മുതിര്‍ന്ന നേതാക്കളായ കമല്‍നാഥ്, ആനന്ദ് ശര്‍മ്മ എന്നിവരെ മമത ബാനര്‍ജി കണ്ടിരുന്നു. വിശാല സഖ്യത്തില്‍ അരവിന്ദ് കെജ്രിവാളിന്‍റെയും നിലപാടറിയും. ശരദ് പവാറടക്കമുള്ള നേതാക്കളുമായും മമത ബാനര്‍ജി ചര്‍ച്ച നടത്തും. ദേശീയ തലത്തിലെ സഖ്യനീക്കങ്ങളില്‍ തൃണമൂല്‍ എംപിമാരുടെ അഭിപ്രായവും മമത ആരായും. അതേ സമയം പെഗാസെസടക്കമുള്ള വിഷയങ്ങളില്‍ പാര്‍ലമെന്‍റില്‍ ആക്രമണം കടുപ്പിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായി രാഹുല്‍ഗാന്ധി വിളിച്ച പ്രതിപക്ഷ കക്ഷിയോഗത്തില്‍ നിന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടുനിന്നെന്നത് ശ്രദ്ധേയമായി.