‘ശിവന്‍കുട്ടിക്ക് മന്ത്രിയായി തുടരാന്‍ അർഹതയില്ല, മുഖ്യമന്ത്രി രാജി ചോദിച്ചുവാങ്ങണം’ : വി.ഡി സതീശന്‍

Jaihind Webdesk
Wednesday, July 28, 2021

 

തിരുവനന്തപുരം : നിയമസഭാ കയ്യാങ്കളിയിലെ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശിവന്‍കുട്ടിക്ക് മന്ത്രിയായി തുടരാന്‍ അർഹതയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ശിവന്‍കുട്ടിയുടെ രാജി മുഖ്യമന്ത്രി ചോദിച്ചുവാങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നിയമസഭാ കയ്യാങ്കളി കേസ് പിന്‍വലിക്കാനാവില്ലെന്ന് സംസ്ഥാന സർക്കാരിന്‍റെ അപ്പീല്‍ തള്ളിക്കൊണ്ട് സുപ്രീം കോടതി വ്യക്തമാക്കി. ഇതോടെ മന്ത്രി വി ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ള ആറ് പ്രതികള്‍ കേസില്‍ വിചാരണ നേരിടേണ്ടിവരും. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

നിയമസഭയില്‍ നടന്നത് സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണെന്ന് കോടതി നിരീക്ഷിച്ചു. എംഎല്‍എമാരുടെ അന്നത്തെ പ്രവര്‍ത്തനം ഭരണഘടനാലംഘനമാണെന്നും ജനപ്രതിനിധികള്‍ക്കുള്ള പരിരക്ഷ ക്രിമിനല്‍ കേസുകള്‍ ചെയ്യാനുള്ളതല്ലെന്നും കോടതി വ്യക്തമാക്കി. മന്ത്രി വി ശിവൻകുട്ടി, മുൻമന്ത്രി ഇ.പി ജയരാജൻ, മുൻമന്ത്രിയും നിലവിൽ എംഎൽഎയുമായ കെ.ടി ജലീൽ, മുൻ എംഎൽഎമാരായ സി.കെ സദാശിവൻ, കെ അജിത്, കുഞ്ഞഹമ്മദ് മാസ്റ്റർ എന്നിവരാണ് കേസിലെ പ്രതികള്‍.