പത്തനംതിട്ട : വ്യാജപരാതിയുടെ പേരിൽ പൊലീസ് സ്റ്റേഷനിൽ വിളിപ്പിച്ച കെ.എസ്.യു നേതാവിനെയും കുടുംബത്തേയും പൊലീസ് മുട്ടിൽ നിർത്തിച്ച് മർദ്ദിച്ചതായി പരാതി. കെ.എസ്.യു ആറന്മുള ബ്ലോക്ക് ജനറൽ സെക്രട്ടറി ജിതിനും പിതാവ് ജയിംസിനുമാണ് മർദ്ദനമേറ്റത്.
പൊലീസ് വിളിപ്പിച്ചതനുസരിച്ച് ഇന്നലെയാണ് ജിതിനും പിതാവും മാതാവും ഒൻപതാം ക്ലാസുകാരിയായ സഹോദരിയും മെഴുവേലി പൊലീസ് സ്റ്റേഷനിൽ എത്തിയത്. എന്നാൽ പരാതി എന്തെന്ന് പോലും പൊലീസ് അറിയിച്ചില്ലെന്ന് ഇവർ പറയുന്നു. പരാതി എന്താണെന്നറിയണമെന്ന് ആവശ്യപ്പെട്ട ജിതിൻ്റെ പിതാവിനെ മർദ്ദിച്ച് പടിക്കെട്ടിൽ തള്ളിയിട്ട പൊലീസ് ജിതിനേയും മാതാവ് മിനിയേയും സ്റ്റേഷനുള്ളിലാക്കി പൂട്ടി. ഒൻപതാം ക്ലാസുകാരിയായ സഹോദരിയുടെ മുന്നിലായിരുന്നു പിതാവിനും തനിക്കും മർദ്ദനമേറ്റതെന്ന് ജിതിന് പറയുന്നു.
ജിതിൻ്റെ സുഹൃത്ത് സംഭവം മൊബൈലിൽ പകർത്തുന്നത് മനസിലാക്കിയ പൊലീസ് മൊബൈൽ പിടിച്ചു വാങ്ങി ദൃശ്യങ്ങൾ നീക്കം ചെയ്യുകയും ചെയ്തു. സംഭവമറിഞ്ഞ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരൻ എം.പി മെഴുവേലി സിഐയെ ബന്ധപ്പെട്ടതിനെതുടർന്നാണ് കുടുംബത്തെ മോചിപ്പിച്ചത്. പൊലീസ് മർദ്ദനത്തില്‍ എസ്.പിക്ക് പരാതി നല്‍കിയിരിക്കുകയാണ് ജിതിനും കുടുംബവും.