ഒരാഴ്ചത്തെ സന്ദർശനം ; പ്രഫുൽ പട്ടേൽ വീണ്ടും ലക്ഷദ്വീപിലേക്ക്

Saturday, July 24, 2021

കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡാ പട്ടേൽ ജൂലായ് 26ന് ലക്ഷദ്വീപിലെത്തും. അഹമ്മദാബാദിൽ നിന്ന് അന്ന് കൊച്ചിയിലെത്തുന്ന പ്രഫുൽ പട്ടേൽ  ഉച്ചയ്‌ക്ക് ലക്ഷദ്വീപിലേക്ക് പുറപ്പെടും. ദ്വീപിലെത്തിയ ശേഷം വിവിധ വകുപ്പ് മേധാവികളുമായി യോഗങ്ങൾ നടത്തും.

ഒരാഴ്‌ചയോളം അദ്ദേഹം ലക്ഷദ്വീപിൽ തുടരുമെന്നാണ് സൂചന. മുൻപും അദ്ദേഹം ദ്വീപിലെത്തിയിരുന്നെങ്കിലും കൊവിഡ് രോഗബാധയെ തുടർന്നുള‌ള കർഫ്യു നിലനിന്നതിനാൽ പ്രതിഷേധമുണ്ടായില്ല. എന്നാൽ ഇപ്പോൾ നിയന്ത്രണങ്ങൾക്ക് ഇളവുണ്ട്. ഈ സമയം എത്തുന്ന അദ്ദേഹത്തിന് നേരെ വലിയ പ്രതിഷേധമുണ്ടാകാനാണ് സാധ്യത.  കടുത്ത സുരക്ഷയിലാകും പ്രഫുൽ പട്ടേലിന്റെ സന്ദർശനം.