കൊല്ലം : പാട്ടക്കരാർ ലംഘനമാരോപിച്ച് കൊല്ലത്തെ വൈഎംസിഎ ആസ്ഥാന മന്ദിരവും കുത്തക പാട്ടഭൂമിയും ഏറ്റെടുത്ത സർക്കാർ നിലപാടിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഏറ്റെടുക്കലിലൂടെ സർക്കാർ ക്രിസ്ത്യൻ സമുദായത്തെ വെല്ലുവിളിക്കുകയും സമൂഹ മധ്യത്തിൽ ഇടിച്ചുതാഴ്ത്തിക്കെട്ടാന് ശ്രമിക്കുകയുമാണെന്ന് കൊല്ലം രൂപത അധ്യക്ഷൻ ഡോ. പോൾ ആന്റണി മുല്ലശേരി പറഞ്ഞു.
പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്ന കൊല്ലത്തെ വൈഎംസിഎയുടെ ആസ്ഥാന മന്ദിരവും ഭൂമിയും ധൃതി പിടിച്ച് പാട്ടക്കരാർ ലംഘനമാരോപിച്ച് പിടിച്ചെടുത്ത സർക്കാർ നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് അലയടിക്കുന്നത്. വർഷങ്ങളായി വ്യവഹാരങ്ങളിൽ പെട്ടിരുന്ന കൊല്ലം നഗരത്തിലെ വൈഎംസിഎ ആസ്ഥാനത്ത് വൻ പൊലീസ് സന്നാഹത്തോടെ എത്തിയാണ് റവന്യൂ അധികൃതർ ഭൂമി പിടിച്ചെടുത്ത് സർക്കാർ ബോർഡ് സ്ഥാപിച്ചത്. കൊല്ലത്തിന്റെ സാമൂഹിക സാംസ്കാരിക, കലാ കായിക വികസനത്തിന് പിൻബലം നൽകി വന്ന വൈഎംസിഎയുടെ ആസ്ഥാന മന്ദിരം പിടിച്ചെടുത്ത സർക്കാർ നടപടിക്കെതിരെ വിവിധ സഭാ മേലധ്യക്ഷന്മാരും രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകരും പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ക്രിസ്ത്യൻ സമൂഹത്തോട് സർക്കാർ കാട്ടുന്ന വെല്ലുവിളിയാണിതെന്ന് പ്രതിഷേധ സമരത്തിന് നേതൃത്വം നൽകിയ കൊല്ലം രൂപതാധ്യക്ഷൻ ഡോ. പോൾ ആന്റണി മുല്ലശേരി പറഞ്ഞു.
സർക്കാരിന്റെ അസാധാരണ നടപടിക്കെതിരെ കനത്ത വിമർശന ശരങ്ങളാണ് പ്രതിഷേധ കൂട്ടായ്മയിൽ അലയടിച്ചത്. സർക്കാർ നിലപാട് തിരുത്തുവാൻ മുഖ്യമന്ത്രി റവന്യൂ വകുപ്പിന് നിർദേശം നൽകണമെന്ന് പ്രതിഷേധ കൂട്ടായ്മയിൽ പങ്കെടുത്ത പി.സി വിഷ്ണുനാഥ് എംഎൽഎ ആവശ്യപ്പെട്ടു. സർക്കാർ നിലപാട് തിരുത്തും വരെ പ്രക്ഷോഭങ്ങളും നിയമ നടപടികളും തുടരുമെന്ന് വൈഎംസിഎ ഭാരവാഹികൾ വ്യക്തമാക്കി.