സ്വർണ്ണക്കടത്ത് : സ്വപ്നക്കെതിരായ യുഎപിഎ നിലനില്‍ക്കുമെന്ന് എൻഐഎ ഹൈക്കോടതിയിൽ

Friday, July 16, 2021

കൊച്ചി : സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെതിരെ യുഎപിഎ പ്രകാരമുള്ള വകുപ്പുകൾ നിലനിൽക്കുമെന്ന് എൻഐഎ ഹൈക്കോടതിയിൽ. സ്വപ്നയുടെ ജാമ്യാപേക്ഷയെ എതിർത്തു കൊണ്ടുള്ള സത്യവാങ്മൂലത്തിലാണ് എൻഐഎ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷ അപകടത്തിലാക്കുന്ന കള്ളക്കടത്ത്, തീവ്രവാദ പ്രവർത്തനമായി കണക്കാക്കാമെന്ന് എൻഐഎയുടെ സത്യവാങ്മൂലത്തിൽ പറയുന്നു.

രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയെ അട്ടിമറിക്കുന്നതായിരുന്നു സ്വപ്നയുടെ നേതൃത്വത്തിൽ നടന്ന കള്ളക്കടത്ത് പ്രവർത്തനങ്ങൾ. യുഎഇക്ക് പുറമേ മറ്റ് ഗൾഫ് രാജ്യങ്ങളിൽ നിന്നും കള്ളക്കടത്തു നടത്താൻ സ്വപ്ന പദ്ധതിയിട്ടിരുന്നതായി എൻഐഎ വ്യക്തമാക്കി. രാജ്യത്തിന് അകത്തും പുറത്തും ഉന്നത ബന്ധങ്ങൾ ഉള്ള സ്വപ്നക്ക് ജാമ്യം നൽകിയാൽ അന്വേഷണത്തെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.