കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ഖാദി ബോര്‍ഡ് യോഗം : ഉദ്യോഗസ്ഥർ കൂട്ടത്തോടെ പോസിറ്റീവ്, ബോര്‍ഡ് ആസ്ഥാനം അടച്ചു

Jaihind Webdesk
Friday, July 9, 2021

തിരുവനന്തപുരം : കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ഖാദി ബോര്‍ഡില്‍ യോഗം ചേര്‍ന്നു. പങ്കെടുത്ത ഭൂരിഭാഗം പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഖാദി ബോര്‍ഡ് ആസ്ഥാനം അടച്ചു. യോഗത്തില്‍ പങ്കെടുത്തത് വിവിധ ജില്ലകളിലെ ഉദ്യോഗസ്ഥര്‍. ജൂണ്‍ 29 നായിരുന്നു യോഗം. യോഗത്തിന് പിന്നാലെ പങ്കെടുത്ത ഓരോരുര്‍ത്തക്കായി രോഗം സ്ഥിരീകരിച്ചു തുടങ്ങി. മീറ്റിഗ് വിളിച്ച് ചേര്‍ത്ത വൈസ് ചെയര്‍പേഴ്‌സണ്‍ ശോഭനാ ജോര്‍ജ് അടക്കം യോഗത്തില്‍ പങ്കെടുത്ത ഭൂരിഭാഗം ഉദ്യാഗസ്ഥരും ഇപ്പോള്‍ കൊവിഡ് ബാധിച്ച് ചികിത്സയിലാണ്. ബോര്‍ഡ് ആസ്ഥാനത്തെ മീറ്റിംഗില്‍ പങ്കെടുത്തവര്‍ ജില്ലാ തലത്തിലും യോഗങ്ങള്‍ വിളിച്ചു കൂട്ടി. ഇതോടെ രോഗവ്യാപനം കൂടുതല്‍ രൂക്ഷമായി. ജില്ലാതല യോഗങ്ങളില്‍ പങ്കെടുത്തവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും പിന്നാലെ കൊവിഡ് ബാധിച്ചു. എത്രപേര്‍ക്ക് രോഗം പിടിപെട്ടു എന്ന കാര്യത്തില്‍ ഇപ്പോഴും കൃത്യമായി കണക്കില്ല.

ഓണ്‍ലൈനായി ചേരണ്ട യോഗമാണ് എല്ലാവരെയും നേരിട്ട് വിളിച്ച് നടത്തിയത്. വൈസ് ചെയര്‍പേഴ്‌സണ്‍ ശോഭനാ ജോര്‍ജും സെക്രട്ടറി എ.രതീഷിന്റെയും പിടിവാശിയായിരുന്നു ഇതിന് പിന്നില്‍. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഉദ്യാഗസ്ഥരാണ് യോഗത്തില്‍ പങ്കെടുത്തത്. പത്ത് പേര്‍ക്ക് പോലും ഇരിക്കാന്‍ കഴിയാത്ത ഹാളില്‍ ഉദ്യാഗസ്ഥരെ കുത്തിനിറച്ചാണ് യോഗം ചേര്‍ന്നത്. കൊവിഡ് വ്യപാനം രൂക്ഷമായതോടെ തിരുവനന്തപുരം വഞ്ചിയൂരിലെ ഖാദി ബോര്‍ഡ് ആസ്ഥാനം കഴിഞ്ഞ ഒരാഴ്ചയായി അടച്ചിട്ടിരിക്കുകയാണ്.

രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ജൂലൈ അഞ്ച് മുതല്‍ ഏഴ് വരെ ബോര്‍ഡ് ആസ്താനത്തിന് അവധി നല്‍കികൊണ്ടാണ് ഡയറക്ടറുടെ ആദ്യ അറിയിപ്പ് വന്നതെങ്കില്‍ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ അവധി നീണ്ടികൊണ്ട് പുതിയ ഉത്തരവ് പുറത്തിറക്കി. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ഓണ്‍ലൈനായി മാത്രം യോഗങ്ങള്‍ ചേരുമ്പോഴാണ് സംസ്ഥാനത്തിന്റെ വിവിധി ഭാഗങ്ങളിലെ ഉദ്യാഗസ്ഥരെ പങ്കെടുപ്പിച്ച്  ഖാദി ബോര്‍ഡ് ആസ്ഥാനത്ത് യോഗം വിളിച്ച് ചേര്‍ത്തത്. കൊവിഡ് പ്രോട്ടോക്കോളും സാമൂഹിക അകലവും പാലിക്കണമെന്ന് എല്ലാ ദിവസവും മുഖ്യമന്ത്രി ആവര്‍ത്തിക്കുമ്പോഴാണ് ഈ ചട്ടലംഘനം എന്നതാണ് ശ്രദ്ധേയം. കൊവിഡിന്റെ ചങ്ങലക്കണ്ണികളെ തകര്‍ക്കുന്നതിനു പകരം കൊവിഡ് പടരാന്‍ കൈത്താങ്ങ് നല്‍കുന്ന സമീപനമാണ് ഖാദി ബോര്‍ഡിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന വിമര്‍ശനവും ശക്തമാണ്.