കണ്ണൂര്‍ : കരിപ്പൂർ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് അർജുൻ ആയങ്കിയുടെയും മുഹമ്മദ് ഷാഫിയുടെയും വീടുകളിൽ നടന്ന പരിശോധനയിൽ കസ്റ്റംസിന് ലഭിച്ചത് നിർണായക വിവരങ്ങൾ. അർജുൻ ആയങ്കിയുമായി ബന്ധമുള്ള കൂടുതൽ പേരെ കസ്റ്റംസ് ചോദ്യം ചെയ്യും.
സ്വർണ്ണം തട്ടിയെടുക്കൽ സംഘത്തിലെ മുപ്പതു പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അതേസമയം കൊടി സുനിയുടെ വീട്ടിലും കസ്റ്റംസ് സംഘം എത്തിയെങ്കിലും വീട് പൂട്ടിയിരിക്കുന്നതായി കണ്ട് മടങ്ങുകയായിരുന്നു.
അർജുൻ ആയങ്കി നേരത്തെ കസ്റ്റംസിന് നൽകിയ മൊഴിയിൽ മാറ്റം വരുത്തിയാണ് തെളിവെടുപ്പ് വേളയിൽ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയത്. തട്ടിയെടുത്ത സ്വർണ്ണവും കടത്തിക്കൊണ്ടു വന്ന സ്വർണ്ണവും എന്ത് ചെയ്തുവെന്ന ചോദ്യമാണ് കസ്റ്റംസ് പ്രധാനമായും ആയ ങ്കിയോട് അന്വേഷിച്ചത്. ടി.പി കേസ് പ്രതികളായ മുഹമ്മദ് ഷാഫിയും കൊടി സുനിയും സ്വര്‍ണ്ണക്കടത്തില്‍ സഹായിച്ചിരുന്നുവെന്നും ഇവര്‍ക്ക് വിഹിതം നല്‍കിയിരുന്നുവെന്നും അര്‍ജുന്‍ ആയങ്കി മൊഴി നല്‍കിയിരുന്നു. സ്വർണ്ണക്കടത്ത് സംബന്ധിച്ച നിർണായക ഡിജിറ്റൽ തെളിവുകളും ആയങ്കിയുടെ വീട്ടിൽ നിന്നും ഷാഫിയുടെ വീട്ടിൽ നിന്നും കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്.
ആയങ്കിയുടെ ഭാര്യ അമലയുടേത് ഉൾപ്പടെയുള്ള സ്വർണ്ണത്തെക്കുറിച്ച് കസ്റ്റംസ് ചോദ്യം ഉന്നയിച്ചു. വിവാഹത്തിന് അണിഞ്ഞിരുന്ന സ്വർണവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി ലഭിക്കാത്തതാണ് അർജുൻ ആയങ്കിയുടെ ഭാര്യ അമലയ്ക്ക് കസ്റ്റംസ് നോട്ടീസ് നൽകാൻ കാരണം. കസ്റ്റംസിന്‍റെ ചോദ്യം ചെയ്യലിൽ വ്യക്തമായ ഉത്തരം ലഭിച്ചില്ലെങ്കിൽ അമലയെയും കസ്റ്റംസ് പ്രതി ചേർത്തേക്കും.
രാമനാട്ടുകര അപകടം ഉണ്ടായതിന് ശേഷം അർജുൻ ആയങ്കി ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതിയായ മുഹമ്മദ് ഷാഫിയുടെ അടുത്ത് എത്തിയിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാട്ടി ഷാഫിക്ക് കസ്റ്റംസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഏഴാം തീയതി ഹാജരായില്ലെങ്കിൽ ഷാഫിയുടെ പരോൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കസ്റ്റംസ് കോടതിയെ സമീപിക്കും. അതേസമയം കസ്റ്റംസ് വരുന്നതിന് മുന്നെ കൊടി സുനിയുടെ ബന്ധുക്കൾ വീടുപൂട്ടി പോയതിനാൽ കസ്റ്റംസിന് ഇവിടെ പരിശോധന നടത്താന്‍ കഴിഞ്ഞില്ല.
സ്വർണ്ണം പൊട്ടിക്കൽ സംഘത്തിലെ 30 പേരെ കുറിച്ചുള്ള നിർണായക വിവരങ്ങൾ കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. തില്ലങ്കേരി, കൂത്തുപറമ്പ്, പാനൂർ, തലശ്ശേരി, ചൊക്ലി, പയ്യന്നൂർ, ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ നിന്നുള്ളവരാണ് സംഘത്തിലെന്ന് കസ്റ്റംസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. അർജുൻ ആയങ്കിയുടെ ഫോൺ വിളി സംബന്ധിച്ച വിശദാംശങ്ങളും മറ്റും കസ്റ്റംസിന് ലഭിക്കുന്നതോടെ സ്വർണ്ണക്കടത്തിലുംത ട്ടിയെടുക്കലിലും പങ്കുള്ള കൂടുതൽ പേരുടെ വിവരങ്ങൾ പുറത്തുവരും.