മന്ത്രി ആർ ബിന്ദുവിന്‍റെ വിജയം അസാധുവാക്കണമെന്ന് ഹർജി ; പ്രൊഫസർ എന്ന് തെറ്റിദ്ധരിപ്പിച്ച് തെരഞ്ഞെടുപ്പില്‍ മത്സരിച്ചുവെന്ന് തോമസ് ഉണ്ണിയാടന്‍ ഹൈക്കോടതിയില്‍

Jaihind Webdesk
Wednesday, June 30, 2021

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദുവിന്‍റെ ഇരിഞ്ഞാലക്കുടയിലെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് സ്ഥാനാർഥിയായിരുന്ന തോമസ് ഉണ്ണിയാടൻ ഹൈക്കോടതിയിൽ ഹർജി നല്‍കി. പ്രൊഫസർ അല്ലാതിരുന്ന ആർ. ബിന്ദു, പ്രൊഫസർ ആണെന്ന് തെറ്റിദ്ധരിപ്പിച്ച് വോട്ട് തേടി ജനങ്ങളെ കബളിപ്പിച്ചു എന്നാണ് ഹർജിയിലെ ആരോപണം.ആർ.ബിന്ദുവിന്‍റെ തെരഞ്ഞെടുപ്പ് റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നാണ് ഉണ്ണിയാടന്‍റെ ആവശ്യം.

നേരത്തെ ആർ. ബിന്ദു പ്രഫസര്‍ എന്ന് പറഞ്ഞ് സത്യപ്രതിജ്ഞ ചെയ്തത് വിവാദത്തിലായതിന് പിന്നാലെ ആർ. ബിന്ദു ഇനി ഡോക്ടർ ആർ. ബിന്ദുവെന്നാണറിയപ്പെടുകയെന്ന് ചീഫ് സെക്രട്ടറി ഡോക്ടർ വി.പി. ജോയ് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. മന്ത്രിയായതു സംബന്ധിച്ച് മേയ് 20-ന് 1600, 1601 നമ്പർ ഗസറ്റുകളിലായി വിജ്ഞാപനങ്ങളിൽ പ്രൊഫ. ആർ. ബിന്ദുവെന്ന് രേഖപ്പെടുത്തിയത് തിരുത്തിയാണിത്. തൃശ്ശൂർ കേരളവർമ കോളേജിൽ ഇംഗ്ലീഷിൽ അസോസിയേറ്റ് പ്രൊഫസറായ ബിന്ദു മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ പ്രൊഫസർ ആർ. ബിന്ദുവായ ഞാൻ എന്നാണ് തുടങ്ങിയത്. ഉദ്യോഗത്തിലെ പദവി പറഞ്ഞുകൊണ്ടുള്ള പ്രതിജ്ഞ അനുചിതമാണെന്നും പ്രൊഫസർ എന്ന അവകാശവാദം തെറ്റാണെന്നും വിമർശനമുയർന്നിരുന്നു.