തിരുവനന്തപുരം : കരിപ്പൂർ കേന്ദ്രീകരിച്ച് നടക്കുന്ന സ്വര്‍ണ്ണക്കടത്ത് രഹസ്യങ്ങള്‍ പുറത്തുവന്നു. സ്വർണ്ണക്കടത്തിന് പദ്ധതിയിടുന്ന ശബ്ദരേഖയാണ് പുറത്തായത്. സംഭാഷണത്തില്‍ നിന്നും സിപിഎം പ്രവര്ത്തകന് അര്ജുന് ആയങ്കിയുടെ പങ്ക് വ്യക്തമാണ്. സ്വര്‍ണം കടത്തേണ്ടരീതിയും കൈമാറേണ്ടതാര്‍ക്കെന്നും ശബ്ദരേഖയില്‍ വിശദീകരിക്കുന്നു. സ്വര്‍ണ്ണക്കടത്തിനായി രൂപീകരിച്ച വാട്സ്ആപ് ഗ്രൂപ്പിലെ സംഭാഷണമാണ് പുറത്തുവന്നത്.
അതേസമയം കേസിൽ കണ്ണൂരിലെ സി.പി.എം പ്രവർത്തകൻ അർജുൻ ആയങ്കിക്ക് കസ്റ്റംസ് നോട്ടീസ് നല്കി. ഈ മാസം 28ന് ഹാജരാകാനാണ് കസ്റ്റംസ് നോട്ടീസ് നൽകിയിരിക്കുന്നത്. സ്വർണ്ണം കടത്തുന്നതിനിടെ കരിപ്പൂരിൽ പിടിയിലായ മുഹമ്മദ് ഷഫീഖിൽ നിന്നാണ് അർജുൻ ആയങ്കിയുടെ പങ്കിനെ കുറിച്ച് കസ്റ്റംസിന് വിവരം ലഭിച്ചത്.
അർജുൻ ആയങ്കിക്ക് ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുമായി അടുത്ത ബന്ധമുള്ളതായും വ്യക്തമായി. സ്വര്‍ണ്ണക്കടത്ത് അന്വേഷണം ആകാശ് തില്ലങ്കേരിയിലേക്കും നീളുന്നു. അപകടത്തിന് ശേഷം അർജുൻ ആയങ്കി ആകാശ് തില്ലങ്കേരിയെ ഫോൺ വിളിച്ച് സംസാരിച്ചതായും സൂചനയുണ്ട്.
ഇക്കഴിഞ്ഞ ജൂണ്‍ 21 ന് പുലര്‍ച്ചെയാണ് കോഴിക്കോട് രാമനാട്ടുകരയിൽ വാഹനാപകടം നടന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കണ്ണൂരിലെ സ്വർണ്ണക്കടത്ത് സംഘത്തെക്കുറിച്ചുള്ള കാര്യങ്ങൾ പുറത്തുവന്നു. ഇതിൽ നിന്നും സി.പി.എം പ്രവർത്തകനായ അര്ജുന് ആയങ്കിയാണ് സ്വര്‍ണ്ണക്കവര്‍ച്ച ആസൂത്രണം ചെയ്തതെന്ന് വ്യക്തമായി. ഷുഹൈബ് വധക്കേസിലെ പ്രതിയായ ആകാശ് തില്ലങ്കേരിയടക്കമുള്ളവരുമായി അർജുന് അടുത്ത ബന്ധമാണുള്ളത്. അപകടത്തിന് ശേഷം അർജുൻ ആയങ്കി ഒളിവിൽ പോവുകയായിരുന്നു. ഇതിനിടെ ആകാശ് തില്ലങ്കേരിയുമായി ഫോണിൽ സംസാരിച്ചതായും സൂചനയുണ്ട്.