‘പ്രധാനമന്ത്രിയുടെ കണ്ണീരിന് ജനങ്ങളുടെ ജീവന്‍ രക്ഷിക്കാനാവില്ല, ഇനിയെങ്കിലും വീഴ്ചകള്‍ പരിഹരിക്കണം’ ; വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

Jaihind Webdesk
Tuesday, June 22, 2021

ന്യൂഡല്‍ഹി : പ്രധാനമന്ത്രിയുടെ കണ്ണീരിന് ജനങ്ങളുടെ ജീവന്‍ രക്ഷിക്കാനാവില്ലെന്ന് രാഹുല്‍ ഗാന്ധി. അതിന് ഓക്സിജന്‍ തന്നെ ആവശ്യമാണ്. കൊവിഡില്‍ കേന്ദ്രത്തിന്‍റെ വീഴ്ചയില്‍ ധവളപത്രം പുറത്തിറക്കിക്കൊണ്ടായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം.

കൊവിഡ് മൂന്നാം തരംഗത്തെ പ്രതിരോധിക്കുന്നതെങ്കിലും വീഴ്ച സംഭവിക്കരുത്. ഇതിനായി നിരവധി തയാറെടുപ്പുകള്‍ കേന്ദ്രം നടത്തേണ്ടതുണ്ട്. രണ്ടാം തരംഗത്തില്‍ ഓക്സിജന്‍ ലഭിക്കാതെ ദയനീയമായി മരണത്തിന് കീഴടങ്ങേണ്ടിവന്നവര്‍ നിരവധിയാണ്. മൂന്നാം തരംഗമെന്നത് സുനിശ്ചിതമായിരിക്കുമ്പോള്‍ ഇനിയെങ്കിലും ഇത്തരത്തില്‍ രാജ്യത്തെ ജനങ്ങളുടെ ജീവന്‍ നഷ്ടമാകരുത്. അതിനായി ആവശ്യമായ സംവിധാനങ്ങള്‍ ഉറപ്പുവരുത്തേണ്ടതുണ്ട്.

മതിയായ ആശുപത്രി സൌകര്യങ്ങള്‍, ആവശ്യമായ ഓക്സിജന്‍, മരുന്നിന്‍റെ ലഭ്യത എന്നിവയെല്ലാം ഉറപ്പുവരുത്താന്‍‌ കേന്ദ്രം നടപടി സ്വീകരിക്കണം. നിരന്തരമായി കൊവിഡ് വകഭേദം ഉണ്ടാകുന്നുണ്ട്.  സമ്പൂര്‍ണ്ണ വാക്സിനേഷനാണ് കൊവിഡ് ഭീതി അവസാനിപ്പിക്കാനുള്ള ഏക മാര്‍ഗം. വാക്സിനേഷന്‍ പ്രക്രിയ മന്ദഗതിയിലാകുന്നത് ആശങ്കാജനകമാണ്. ഈ സാഹചര്യത്തില്‍ മൂന്നാം തരംഗത്തെ കാര്യക്ഷമമായി നേരിടാനുള്ള നിര്‍ദേശങ്ങള്‍ കോണ്‍ഗ്രസ് ധവളപത്രത്തിലൂടെ മുന്നോട്ടുവെച്ചു.