‘സര്‍ക്കാരിന്‍റെ നൂറുദിന പരിപാടി പഴയ കബളിപ്പിക്കലിന്‍റെ ആവര്‍ത്തനം’: രമേശ് ചെന്നിത്തല

Jaihind Webdesk
Saturday, June 12, 2021

തിരുവനന്തപുരം : സര്‍ക്കാരിന്‍റെ നൂറുദിന പരിപാടികള്‍ ജനങ്ങളെ കബളിപ്പിക്കലെന്ന് രമേശ് ചെന്നിത്തല. ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്ത് നൂറുദിന പരിപാടികള്‍ പ്രഖ്യാപിച്ച് നടപ്പാക്കാതെ ജനങ്ങളെ കബളിപ്പിച്ച അതേ ശൈലി തന്നെയാണ് ഇപ്പോഴും ആവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ സര്‍ക്കാരിന്‍റെ അവസാന വര്‍ഷം രണ്ടു തവണയായി രണ്ടു നൂറുദിന പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ആഗസ്റ്റില്‍ ഓണസമ്മാനമായും ഡിസംബറില്‍ ക്രിസ്തുമസ് സമ്മാനമായുമാണ് രണ്ട് നൂറു ദിന പദ്ധതികള്‍ പ്രഖ്യാപിച്ചത്. പുതുവര്‍ഷത്തില്‍ പത്തിന പദ്ധതികള്‍ ഇതിന് പുറമെയും പ്രഖ്യാപിച്ചു. അവയൊന്നും നടപ്പാക്കാതെ ജനങ്ങളെ കബളിപ്പിക്കുകയാണ് ചെയ്തത്. ഇപ്പോള്‍  പ്രഖ്യാപിച്ച നൂറു ദിന പദ്ധതികളും കബളിപ്പിക്കല്‍ മാത്രമാണ്. പലതും നടപ്പാവാതെ പോയ പഴയ പദ്ധതികളുടെ ആവര്‍ത്തനവുമാണ്.

അഞ്ചു ലക്ഷം കുട്ടികള്‍ക്ക് വിദ്യാശ്രീ പദ്ധതിപ്രകാരം നൂറ് ദിവസത്തിനകം ലാപ്‌ടോപ് നല്‍കുമെന്നായിരുന്നു കഴിഞ്ഞ ആഗസ്റ്റിലെ പ്രഖ്യാപനം പാഴ് വാക്കായി.  ആദ്യത്തെ പ്രഖ്യാപനം നടപ്പാക്കാത്ത സാഹചര്യത്തിലാണ് ഇപ്പോള്‍ വീണ്ടും അരലക്ഷം കുട്ടികള്‍ക്ക് വിദ്യാശ്രീ പദ്ധതി പ്രകാരം ലാപ് ടോപ് കൊടുക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.  50,000 പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് കഴിഞ്ഞ ആഗസ്റ്റിലെ  നൂറുദിന പദ്ധതിയിലും 50,000 പേര്‍ക്കു കൂടി തൊഴില്‍ നല്‍കുമെന്ന് ഡിസംബറിലെ രണ്ടാം നൂറുദിന പദ്ധതിയിലും പിണറായി വിജയന്‍ പ്രഖ്യാപിച്ചതാണ്. രണ്ടും നടന്നില്ല. കുടുംബശ്രീയില്‍ നേരത്തെ ഉണ്ടായിരുന്ന തൊഴിലവസരങ്ങള്‍ ഇതിന്‍റെ കണക്കില്‍ എഴുതി വച്ചു എന്നല്ലാതെ പുതുതായി ഒരൊറ്റ തൊഴിലവസരവും സൃഷ്ടിച്ചില്ല. ഇപ്പോഴാകട്ടെ 20 ലക്ഷം പേര്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ക്കുള്ള രൂപരേഖ തയാറാക്കുമെന്നും 77,350 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തേതു പോലെതന്നെ  ഇതും കബളിപ്പിക്കലാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

ഓരോ ദിവസവും ഓരോ കയര്‍ യന്ത്രവത്കൃത ഫാക്ടറി തുടങ്ങുമെന്നും കശുവണ്ടി മേഖലയില്‍ മൂവായിരം പേര്‍ക്ക് കൂടി തൊഴില്‍ നല്‍കുമെന്നുമൊക്കെ ഒന്നാം നൂറുദിന പരിപാടിയില്‍ പ്രഖ്യാപിച്ചതാണ്. അതൊന്നും നടപ്പാക്കതെ കശുവണ്ടി മേഖലയില്‍ 100 തൊഴില്‍ ദിനങ്ങള്‍ കൂടി നടപ്പാക്കുമെന്ന് ഇപ്പോള്‍ പ്രഖ്യാപിക്കാന്‍ സര്‍ക്കാരിന് ഒരു ഉളുപ്പും ഇല്ലെന്നും രമേശ് ചെന്നിത്തല പരിഹസിച്ചു. നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ട 11 സ്ഥാപനങ്ങളില്‍ നൂറു ദിവസങ്ങള്‍ക്കുള്ളില്‍ ചട്ടം രൂപീകരിക്കുമെന്ന് കഴിഞ്ഞ ആഗസ്റ്റില്‍ പ്രഖ്യാപിച്ചിട്ട് അത് ചെയ്യാതെ പിന്‍വാതില്‍ നിയമനങ്ങള്‍ നടത്തിയ സര്‍ക്കാരിന് ഈ നൂറു ദിന പരിപാടിയിലും അത് തന്നെ ആവര്‍ത്തിക്കാന്‍ ഒരു നാണക്കേടുമില്ല. ഇപ്പോള്‍ പ്രഖ്യാപിച്ച മറ്റു നൂറ് ദിന പദ്ധതികളുടെ കഥയും വ്യത്യസ്തമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആയിരക്കണക്കിന് കോടികളുടെ പാക്കേജാണ് കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് ബഡ്ജറ്റുകളില്‍ പ്രഖ്യാപിച്ച് നടപ്പാക്കാതിരുന്നത്. ആ തന്ത്രം വിജിയിച്ചു എന്ന് തെറ്റിദ്ധരിച്ചാണ് വീണ്ടും കബളിപ്പിക്കല്‍ തന്ത്രവുമായി മുഖ്യമന്ത്രി രംഗത്തിറങ്ങിയിരിക്കുന്നത്. തുടര്‍ച്ചയായി പ്രഖ്യാപനങ്ങള്‍ നടത്തി എല്ലാക്കാലത്തും ജനങ്ങളെ കബളിപ്പിക്കാമെന്ന് മുഖ്യമന്ത്രി കരുതുന്നുണ്ടെങ്കില്‍ തെറ്റിയെന്നും ആ തന്ത്രം ഇനി നടപ്പാവാന്‍ പോകുന്നില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.