തിരുവനന്തപുരം : സംസ്ഥാനത്ത് കൂടുതലായി കാണപ്പെടുന്നത് കൊവിഡിന്‍റെ വ്യാപനശേഷി കൂടിയ ഡെല്‍റ്റ വകഭേദമെന്ന് മുഖ്യമന്ത്രി. അതിനാല്‍ തന്നെ കൂടുതല്‍ ജാഗ്രത ആവശ്യമാണെന്ന് മുഖ്യമന്ത്രി. പുറത്തുപോയി വരുന്നവര്‍ വീട്ടിനുള്ളിലും മാസ്ക് ധരിക്കുകയും ശാരീരിക അകലം പാലിക്കുകയും വേണം.
മുഖ്യമന്ത്രിയുടെ വാക്കുകള്‍ :
കൊറോണ വൈറസിന് ജനിതക മാറ്റത്തിലൂടെ വിവിധ വകഭേദങ്ങളുണ്ടാവാനുള്ള സാധ്യത കൂടുതലാണ്. വകഭേദങ്ങളെ അവ ഉത്ഭവിച്ച രാജ്യങ്ങളുടെ പേരിട്ട് വിളിക്കുന്നത് ഒഴിവാക്കണമെന്ന് ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതുകൊണ്ട് വൈറസ് വകഭേദങ്ങള്‍ക്ക് ആല്‍ഫ, ബീറ്റ, ഗാമ, ഡെല്‍റ്റ എന്നിങ്ങനെ പേരു നല്‍കിയിരിക്കുകയാണ്.
വ്യാപനനിരക്ക് വളരെ കൂടുതലുള്ള ഡെല്‍റ്റ വൈറസുകളാണ് കേരളത്തില്‍ കൂടുതലായി കാണുന്നത്. മറ്റ് സംസ്ഥാനങ്ങളിലാരംഭിച്ച് ഇപ്പോഴും കേരളത്തില്‍ നിലനില്‍ക്കുന്ന രണ്ടാം തരംഗത്തിന്‍റെ കാരണങ്ങളിലൊന്ന് ഡെല്‍റ്റാ വൈറസുകളാണ്. വാക്സിന്‍ എടുത്തവരിലും രോഗം ഭേദമായവരിലും രോഗമുണ്ടാക്കാന്‍ ഡെല്‍റ്റാ വൈറസിന് കഴിയും. എങ്കിലും രോഗം രൂക്ഷമാകാനും മരണം സംഭവിക്കാനുമുള്ള സാധ്യത കണ്ടെത്തിയിട്ടില്ല.
നേരത്തെ ഒരാളില്‍ നിന്നും 2 – 3 പേരിലേക്കാണ് രോഗം വ്യാപിച്ചിരുന്നതെങ്കില്‍ ഡെല്‍റ്റാ വൈറസ് 5-10 പേരിലേക്ക് പകരാന്‍ സാധ്യതയുള്ളതാണ്. അതുകൊണ്ടുതന്നെ ഈ ഘട്ടത്തില്‍ കോവിഡ് പെരുമാറ്റ ചട്ടങ്ങള്‍ കൂടുതല്‍ കര്‍ശനമായി പാലിക്കേണ്ടതുണ്ട്. ഇരട്ട മാസ്ക് ധരിക്കുന്നതിന് പുറമേ ആഹാരം കഴിക്കാനും മറ്റും മാസ്ക് നീക്കം ചെയ്യേണ്ടിവരുന്ന സന്ദര്‍ഭങ്ങളില്‍ മറ്റുള്ളവരുമായി ശരീരദൂരം പാലിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
ചെറിയ കൂടിച്ചേരലുകള്‍ പോലും കഴിവതും ഒഴിവാക്കണം.
പുറമേ പോയി എത്തുന്നവര്‍ വീട്ടിനുള്ളിലും മാസ്ക് ധരിക്കണം. ഒരുമിച്ചിരുന്നുള്ള ആഹാരം, കുടുംബസമേതമോ കൂട്ടായോ ഉള്ള ടിവി കാണല്‍ ഇവ ഒഴിവാക്കണം. മാസ്ക് ധരിക്കാനും ശരീര ദൂരം പാലിക്കാനും വാക്സിന്‍ എടുത്തവരും ശ്രദ്ധിക്കേണ്ടതാണ്. അവരിലും വീണ്ടും കോവിഡ് പരത്താന്‍ (ബ്രേക്ക് ത്രൂ ഇന്‍ഫക്ഷന്‍) ഡെല്‍റ്റാ വൈറസിന് കഴിയും. അവരിലൂടെ മറ്റുള്ളവരിലേക്ക് രോഗാണു വ്യാപിക്കാനും സാധ്യതയുണ്ട്. മറ്റ് രോഗമുള്ളവരിലാണ് കൂടുതലും രോഗബാധയുണ്ടാകുന്നതും അസുഖം മൂര്‍ച്ചിച്ച് മരണമുണ്ടാകുന്നതും. വാക്സിന്‍ എടുത്താല്‍ പോലും പ്രമേഹം തുടങ്ങിയ അനുബന്ധരോഗങ്ങളുടെ ചികിത്സ മുടങ്ങാതെ തുടരേണ്ടതാണ്.
രണ്ടാമത്തെ തരംഗത്തിനും മൂന്നാമത്തെ തരംഗത്തിനുമിടയിലെ ഇടവേളയുടെ ദൈര്‍ഘ്യം വര്‍ധിപ്പിക്കേണ്ടത് അനിവാര്യമാണ്. പല രാജ്യങ്ങളിലും പല ദൈര്‍ഘ്യങ്ങളാണ് ഈ ഇടവേളകള്‍ക്കുണ്ടായിരുന്നത്. ബ്രിട്ടണില്‍ ഉണ്ടായത് 2 മാസത്തെ ഇടവേളയായിരുന്നു. ഇറ്റലിയില്‍ 17 ആഴ്ചയും അമേരിക്കയില്‍ 23 ആഴ്ചയുമായിരുന്നു അത്. കേരളത്തില്‍ മൂന്നാമത്തെ തരംഗത്തിനു മുമ്പുള്ള ഇടവേള പരമാവധി ദീര്‍ഘിപ്പിക്കുക എന്ന നയമാണ് സ്വീകരിച്ചിരിക്കുന്നത്. പെട്ടെന്നു തന്നെ അടുത്ത തരംഗമുണ്ടാവുകയും അത് ഉച്ചസ്ഥായിയില്‍ എത്തുകയും ചെയ്താല്‍ മരണങ്ങള്‍ കൂടുതലായി സംഭവിക്കാം. അതുകൊണ്ട് ലോക്ക്ഡൗണ്‍ ഇളവുകള്‍ ശ്രദ്ധാപൂര്‍വം മാത്രം നടപ്പിലാക്കാനും ലോക്ക്ഡൗണ്‍ കഴിഞ്ഞാലും കൊവിഡ് മാനദണ്ഡങ്ങള്‍ തുടരാനും ശ്രദ്ധിക്കേണ്ടതുണ്ട്.