കൊച്ചി ഫ്ലാറ്റ് പീഡനക്കേസില്‍ കൂടുതല്‍ അന്വേഷണം ; മാർട്ടിൻ്റെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കുമെന്ന് കമ്മീഷണര്‍

Friday, June 11, 2021

കൊച്ചി ഫ്ലാറ്റ് പീഡനക്കേസില്‍ പ്രതി മാര്‍ട്ടിനെതിരെ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് കമ്മീഷണര്‍ സി.എച്ച് നാഗരാജു പറഞ്ഞു. പ്രതിയുടെ സാമ്പത്തിക ഇടപാടുകളെയും ആഢംബര ജീവിതത്തെയും കുറിച്ച് അന്വേഷിക്കും. പ്രതി ഉപയോഗിച്ച വാഹനങ്ങള്‍ കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു.

യുവതിയെ പലരീതിയില്‍ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു. ക്രൂരമായ ഗാര്‍ഹിക പീഡനമാണ് നടന്നത്. 2 മാസം മുമ്പ് പരാതി ലഭിച്ചിട്ടും  പൊലീസ് നടപടി സ്വീകരിക്കാത്തത് പരിശോധിക്കും. പരാതി അന്വേഷിക്കുന്നതിൽ ശ്രദ്ധക്കുറവുണ്ടായെന്നും അദ്ദേഹം പറഞ്ഞു.

മാർട്ടിനെതിരെ രണ്ടാമതൊരു കേസ് കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്. നേരത്തെ ലഹരി മരുന്ന് കേസിലും ഇയാള്‍ പ്രതിയായിട്ടുണ്ട്. ദൃശ്യങ്ങൾ കണ്ടപ്പോഴാണ് പീഡനത്തിൻ്റെ ക്രൂരത മനസ്സിലായതെന്നും ഉടൻ നടപടി സ്വീകരിച്ചുവെന്നും കമ്മീഷണർ. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്നും അദ്ദേഹം അറിയിച്ചു.