കവര്‍ച്ച ചെയ്യപ്പെട്ടത് തങ്ങളുടെ പണമെന്ന് ധര്‍മ്മരാജനും സുനില്‍ നായിക്കും ; തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് ഹര്‍ജി

Jaihind Webdesk
Tuesday, June 8, 2021

തൃശൂര്‍ : കൊടകര കുഴല്‍പ്പണ കവര്‍ച്ച കേസിൽ കണ്ടെടുത്ത പണം തിരികെ കിട്ടാൻ കോടതിയെ സമീപിച്ച് ധർമ്മരാജൻ. ഇരിങ്ങാലക്കുട ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതിയിലാണ് ധർമ്മരാജൻ ഹർജി നൽകിയത്. അതേ സമയം കവര്‍ച്ചാപ്പണത്തിൽ ബാക്കി പണം കണ്ടെടുക്കുന്നതിനായി പ്രതികളെ ചോദ്യം ചെയ്യുന്നത് നാളെയും തുടരും.

കവർച്ചക്കാരിൽ നിന്നും കണ്ടെടുത്ത ഒരു കോടി നാല്‍പത് ലക്ഷം രൂപ കിട്ടണമെന്നാവശ്യപ്പെട്ടാണ് കോഴിക്കോട് സ്വദേശി ധർമ്മരാജൻ ഇരിങ്ങാലക്കുട മജിസ്ട്രേട്ട് കോടതിയെ സമീപിച്ചത്. പണം തന്‍റേതും സുനിൽ നായിക്കിന്‍റേതുമാണെന്നും കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. ഡൽഹിയിലെ മാർവാടി ബിസിനസ് ആവശ്യത്തിനായി നൽകിയ പണമാണ് ഇതെന്നും ധർമ്മരാജന്‍റെ ഹര്‍ജിയിലുണ്ട്.

എന്നാല്‍ കവര്‍ച്ച ചെയ്യപ്പെട്ടതില്‍ ബാക്കി പണം കണ്ടെടുക്കുന്നത് അന്വേഷണസംഘത്തിന് വെല്ലുവിളിയാകുകയാണ്. പണം വീണ്ടെടുക്കാൻ കേസിലെ പ്രതികളെ വിയ്യൂർ ജില്ലാ ജയിലെത്തി അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്തു. ചോദ്യംചെയ്യല്‍ നാളെയും തുടരും. മൂന്നര കോടി രൂപ കവർച്ച ചെയ്ത സംഭവത്തിൽ ബാക്കി തുക കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്. സംഭവമുണ്ടായി രണ്ട് മാസം പിന്നിടുമ്പോഴും കവർച്ചാ പണം മുഴുവനായി കണ്ടെത്തുക എന്നത് ഇപ്പോഴും അന്വേഷണ സംഘത്തിന് വെല്ലുവിളിയായി തുടരുകയാണ്.

അതിനിടെ പതിനഞ്ചാം പ്രതിയായ ഷിഗിലിന് വേണ്ടിയുള്ള അന്വേഷണം കർണാടകയിലേക്ക് വ്യാപിപ്പിച്ചു. അതേസമയം കേസ് ഏറ്റെടുക്കാൻ ഇ.ഡി നടപടി തുടങ്ങി. ഹൈക്കോടതി ആവശ്യപ്പെട്ട റിപ്പോർട്ട് നൽകിയ ശേഷമായിരിക്കും ഇ.ഡി അന്വേഷണം ആരംഭിക്കുക. കള്ളപ്പണ നിരോധന നിയമ പ്രകാരമായിരിക്കും അന്വേഷണ.