‘ഞങ്ങള്‍ എങ്ങനെ ജീവിക്കുമെന്നുകൂടി പറയൂ’ ; ലോക്ക്ഡൗണ്‍ നീട്ടിയതില്‍ പ്രതിഷേധവുമായി വ്യാപാരി വ്യവസായി ഏകോപനസമിതി

Monday, June 7, 2021

സംസ്ഥാനത്ത് ജൂണ്‍ 16 വരെ ലോക്ക്ഡൗണ്‍ നീട്ടിയ നടപടിയില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. നിലവില്‍ വലിയ പ്രതിസന്ധി നേരിടുന്ന വ്യാപാര മേഖലയെ കൂടുതൽ ദുരിതത്തിലാക്കുന്നതാവും ലോക്ക്ഡൗണ്‍ വീണ്ടും നീട്ടാനുള്ള സര്‍ക്കാര്‍ തീരുമാനമെന്ന് ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.

തീരുമാനം വ്യാപാര സമൂഹത്തോടുള്ള നീതി നിഷേധമാണെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്‍റ് ജോബിയും മറ്റ് സംസ്ഥാന ഭാരവാഹികളും ചൂണ്ടിക്കാട്ടി. സംസ്ഥാന ബഡ്ജറ്റിൽ പോലും പരിഗണന ലഭിക്കാത്ത വ്യാപാരി സമൂഹം എങ്ങനെ ജീവിക്കണമെന്നു കൂടി സർക്കാർ പറയണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

വായ്പകള്‍ തിരിച്ചടയ്ക്കാന്‍ കഴിയാത്തതിനാല്‍ സിബില്‍ സ്കോറില്‍ ഇടിവ് രേഖപ്പെടുത്തി. എല്ലാ ഇടപാടുകാർക്കും 2020 ഫെബ്രുവരി 28 ലെ സിബിൽ സ്കോർ അതേപടി നിലനിർത്തുവാൻ സർക്കാർ ഇടപെടണമെന്നും അടഞ്ഞു കിടക്കുന്ന ചെറുകിട വ്യാപാര സ്ഥാപനങ്ങൾക്ക് അടിയന്തര സഹായ പാക്കേജ് പ്രഖ്യാപിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.