‘അറസ്റ്റ് ആർഎസ്എസ്-ബിജെപി ലീഡേഴ്‌സ്’ ; ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായി ഹാഷ്ടാഗ് ; കുഴല്‍പ്പണത്തില്‍ പ്രതിഷേധം

Saturday, June 5, 2021

തിരുവനന്തപുരം : കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ട്വിറ്ററില്‍ ഹാഷ്ടാഗ് ക്യാമ്പയിന്‍. ‘അറസ്റ്റ് ആർഎസ്എസ്-ബിജെപി ലീഡേഴ്‌സ്’ എന്ന പേരിലാണ് ഹാഷ്ടാഗ് പ്രചരിക്കുന്നത്‌.

അതിനിടെ കേസില്‍ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരുടെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. പ്രതി ധര്‍മരാജനെ അറിയാമെന്ന് സുരന്ദ്രന്റെ ഡ്രൈവറും സഹായിയും മൊഴി നല്‍കി. പലവട്ടം ഫോണില്‍ വിളിച്ചു. സുരേന്ദ്രനും പരിചയമുണ്ടെന്നും ഇരുവരും പറഞ്ഞു. ബിജെപിയുടെ പണമിടപാടുകളിൽ ഒരു ബന്ധവും ഇല്ലെന്നും ഇരുവരും മൊഴി നൽകി. അതേസമയം കവർച്ചാ കേസിൽ സിപിഎം പ്രവർത്തകൻ റെജിലിനെയും ഇന്ന് ചോദ്യം ചെയ്തു.

കുഴൽപ്പണക്കേസിന്റെ അന്വേഷണം ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനിലേക്ക് കൂടുതൽ അടുക്കുകയാണ്. സുരേന്ദ്രന്റെ സെക്രട്ടറി ദിപിനേയും ഡ്രെെവര്‍ ലെബീഷിനേയും രണ്ടര മണിക്കൂർ അന്വേഷണ സംഘം ചോദ്യം ചെയ്തു. കുഴൽപ്പണ കേസിൽ ഉൾപ്പെട്ട ധർമ്മരാജനെ വിളിച്ചത് തിരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണത്തിനാണ് എന്ന ബിജെപി നേതാക്കളുടെ മൊഴി അവർത്തിക്കുകയായിരുന്നു ഇരുവരും. ധർമരാജൻ തിരഞ്ഞെടുപ്പ് സാമഗ്രികൾ ഒന്നും വിതരണം ചെയ്തിട്ടില്ലെന്ന് ചൂണ്ടികാട്ടിയപ്പോൾ അതേ കുറിച്ച് അറിയില്ലെന്ന് ഇരുവരും വിശദീകരിച്ചു. കെ.സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് കാലത്തെ യാത്രകളും പരിപാടികളും സംബന്ധിച്ച വിവരങ്ങളും ചോദിച്ചറിഞ്ഞു.

കേസിനെ ചൊല്ലി ബിജെപിയിലും അതൃപ്തി പുകയുകയാണ്. പാര്‍ട്ടിക്കും സംസ്ഥാന നേതൃത്വത്തിനുമെതിരെ വിമര്‍ശനവുമായി മുതിര്‍ന്ന  നേതാവ് സി.കെ പദ്മനാഭന്‍ രംഗത്തെത്തി. ഉപ്പു തിന്നവൻ വെള്ളം കുടിക്കും, അത് പ്രകൃതിനിയമമാണെന്നായിരുന്നു പത്മനാഭന്‍റെ പ്രതികരണം. പരിസ്ഥിതി മാത്രമല്ല രാഷ്ട്രീയ രംഗവും മലീമസമായതായും സി.കെ പത്മനാഭൻ കണ്ണൂരിൽ പറഞ്ഞു. കുഴല്‍പ്പണ ആരോപണത്തില്‍ ബിജെപിയും സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും കടുത്ത പ്രതിരോധത്തിലായിരിക്കുന്നതിനിടെയാണ് ആരുടെയും പേരെടുത്ത് പറയാതെ സി.കെ പത്മനാഭന്‍റെ പ്രതികരണം.