മോദിയെ വിമർശിച്ചതിന് കേസ് : വിനോദ് ദുവയ്ക്കെതിരായ രാജ്യദ്രോഹക്കുറ്റം സുപ്രീംകോടതി റദ്ദാക്കി

Thursday, June 3, 2021

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ചതിന് മാധ്യമപ്രവർത്തകൻ വിനോദ് ദുവയ്ക്കെതിരെ രജിസ്റ്റർ ചെയ്ത രാജ്യദ്രോഹക്കേസ് സുപ്രീംകോടതി റദ്ദാക്കി. 1962ലെ കേദാർ സിങ് വിധിയില്‍ രാജ്യദ്രോഹക്കുറ്റം കൃത്യമായി നിർവചിച്ചിട്ടുണ്ടെന്നും ഉത്തരവ് എല്ലാ മാധ്യമപ്രവർത്തകർക്കും സംരക്ഷണം നല്‍കുന്നുവെന്നും നിരീക്ഷിച്ചാണ് ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ ബെഞ്ചിന്‍റെ നടപടി.

കഴിഞ്ഞവർഷം ലോക്ഡൗൺ കാലത്ത് പലായനത്തിടെ കുടിയേറ്റ തൊഴിലാളികൾ മരിച്ചു വീണപ്പോഴാണ് പ്രധാനമന്ത്രിയെ വിനോദ് ദുവ യൂട്യൂബ് ചാനലിൽ രൂക്ഷമായി വിമർശിച്ചത്. ഇതിനെതിരെ ഹിമാചൽ പ്രദേശിലെ പ്രാദേശിക ബി.ജെ.പി നേതാവ് നൽകിയ പരാതിയിലാണ് പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തത്.

വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചു, അപകീര്‍ത്തിപ്പെടുത്തല്‍ തുടങ്ങി വിവിധ വകുപ്പുകള്‍ ചൂണ്ടിക്കാണിച്ചായിരുന്നു ദുവയ്‌ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. ഇതിനെതിരെ വിനോദ് ദുവ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.