മെയ് 12 : തിരു. മെഡിക്കല്‍ കോളേജില്‍ മാത്രം കൊവിഡ് മരണം 70; സംസ്ഥാനത്തിന്‍റെ കണക്കില്‍ 32, ദുരൂഹത

Wednesday, May 26, 2021

തിരുവനന്തപുരം : സംസ്ഥാനത്തെ കൊവിഡ് മരണസംഖ്യ ബോധപൂര്‍വം കുറച്ചുകാണിക്കാന്‍ ബോധപൂര്‍വമായ ശ്രമമെന്ന സൂചനകള്‍ നല്‍കി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ കണക്കുകള്‍. മെഡിക്കല്‍ കോളേജ് അധ്യാപകരുടെ കണക്കനുസരിച്ച് മെയ് 12 ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മാത്രം കൊവിഡ് മരണങ്ങള്‍ 70 ആണ്. എന്നാല്‍ സംസ്ഥാനത്തിന്‍റെ കണക്കില്‍ ഇത് 32 മാത്രമാണെന്നതാണ് സംശയം ജനിപ്പിക്കുന്നത്. സംസ്ഥാനം മരണനിരക്ക് കുറച്ചുകാണിക്കുന്നതായി നേരത്തെയും ആരോപണം ഉയര്‍ന്നിരുന്നു.

മെയ് 12 ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മാത്രം 70 കൊവിഡ് അനുബന്ധ മരണങ്ങൾ നടന്നതായി കെജിപിഎംടിഎയുടെ പ്രസ്താവനയിൽ പറയുന്നു. അതേസമയം മെയ് 12 ന് തിരുവനന്തപുരം ജില്ലയിൽ നിന്ന് 32 പേർ മാത്രമാണ് സംസ്ഥാന ബുള്ളറ്റിനിൽ റിപ്പോർട്ട് ചെയ്തത്. എല്ലാ മരണങ്ങളും കൊവിഡ് കാരണമല്ലെന്നും സംഖ്യകൾ തുടര്‍ന്നുള്ള ബുള്ളറ്റിനിൽ പ്രതിഫലിക്കുമെന്നാണ് തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ഷിനു കെ.എസ് വിശദീകരിക്കുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മൃതദേഹങ്ങള്‍ നോക്കാന്‍ ആളില്ലാതെ അനാഥമായി കിടക്കേണ്ടിവന്നു എന്ന വാര്‍ത്തയോട് പ്രതികരിക്കവെയാണ് മെഡിക്കല്‍ കോളേജ് അധ്യാപകരുടെ അസോസിയേഷന്‍ (കെജിപിഎംടിഎ) ഈ കണക്കുകള്‍ വിശദീകരിച്ചത്. എന്നാല്‍ ആശുപത്രിയില്‍ ജീവനക്കാര്‍ കുറവാണെന്നും യഥാര്‍ത്ഥ മരണസംഖ്യ കണക്കാക്കുന്നതില്‍ വീഴ്ച സംഭവിക്കുന്നു എന്ന കാര്യങ്ങളും പ്രസ്താവനയിലൂടെ വ്യക്തമായി.

മെയ് 12 ന് അതീവ ഗുരുതരാവസ്ഥയിലുള്ള 80 കൊവിഡ് രോഗികളെ പരിചരിക്കാന്‍ ഒരു ഡ്യൂട്ടി ഡോക്ടറും 2 നഴ്സുമാരും രണ്ട് അറ്റന്‍ഡര്‍മാരും മാത്രമാണുണ്ടായിരുന്നത്. 24 മണിക്കൂറിനിടെ 70 കൊവിഡ് അനുബന്ധ മരണങ്ങളുണ്ടായതായും കെജിപിഎംടിഎ വ്യക്തമാക്കി. മോര്‍ച്ചറിയില്‍ 50 മൃതദേഹങ്ങള്‍ സൂക്ഷിക്കാനുള്ള സൌകര്യം മാത്രമാണുള്ളത്. അന്നേ ദിവസം ജില്ലയിലെ മറ്റ് ആശുപത്രികളിലും മരണങ്ങള്‍ കൂടി കണക്കിലെടുത്താല്‍ മെയ് 12 ന് തിരുവനന്തപുരം ജില്ലയിലെ കൊവിഡ് മരണം 70 ന് മുകളിലായിരിക്കുമെന്നതില്‍ സംശയമില്ല. എന്നാല്‍ സംസ്ഥാനത്തിന്‍റെ ഔദ്യോഗിക ബുള്ളറ്റിനില്‍ അന്നേദിവസം ഇത് 32 മാത്രമായത് എങ്ങനെയെന്നതില്‍ വ്യക്തതയില്ല.

മതിയായ ജീവനക്കാരെ നിയമിക്കുമെന്ന് സര്‍ക്കാര്‍ പറയുമ്പോഴും മിക്ക ആശുപത്രികളിലെയും സ്ഥിതി ദയനീയമാണ്. കൊവിഡ് രോഗികള്‍ക്ക് കാര്യമായപരിഗണന നല്‍കാന്‍ വിരലില്‍ എണ്ണാവുന്ന ജീവനക്കാര്‍ക്ക് കഴിയുന്നില്ല എന്നതാണ് വസ്തുത. മരണനിരക്ക് ഉയരുന്നതിന് ഇതും കാരണമായേക്കാം. എന്നാല്‍ ഇത്തരം വീഴ്ചകള്‍ മറച്ചുവെക്കാനാണ് മരണനിരക്ക് കുറച്ചുകാണിക്കുന്നതിലൂടെ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നാണ് ആക്ഷേപം.