സി.എം രവീന്ദ്രന്‍ തുടരും ; മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെ നിയമിച്ച് ഉത്തരവിറങ്ങി

Tuesday, May 25, 2021

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. കാര്യമായ മാറ്റങ്ങളില്ലാതെയാണ് പേഴ്‌സണല്‍ സ്റ്റാഫ് സംഘം. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് വിവിധ അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്ത സി.എം രവീന്ദ്രൻ അടക്കമുള്ളവരെ നിലനിർത്തിയിട്ടുണ്ടെന്നതാണ് ശ്രദ്ധേയം.

പി എം മനോജാണ് പ്രസ് സെക്രട്ടറി. സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിയായി അഡ്വ. എ രാജശേഖരൻ നായരെയും നിയമിച്ചിട്ടുണ്ട്. ഒന്നാം പിണറായി സർക്കാരിന്‍റെ മാധ്യമ ഉപദേഷ്ടാവായിരുന്ന എൻ പ്രഭാവർമയെ മുഖ്യമന്ത്രിയുടെ മീഡിയാ സെക്രട്ടറിയായി നിയമിച്ചു. ശാസ്ത്ര സാങ്കേതിക വിഭാഗം ഉപദേശകനായിരുന്ന എംസി ദത്തനെ സയൻസ് വിഭാഗം മെന്‍റർ എന്ന നിലയിലാണ് നിലനിർത്തിയിരിക്കുന്നത്.

സി.എം രവീന്ദ്രന് പുറമെ പി ഗോപൻ, ദിനേശ് ഭാസ്കർ എന്നിവരാണ് അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിമാർ. എ സതീഷ് കുമാർ, സാമുവൽ ഫിലിപ്പ് മാത്യു എന്നിവരെ അസി. പ്രൈവറ്റ് സെക്രട്ടറിമാരായും വി.എം സുനീഷിനെ പേഴ്സണൽ അസിസ്റ്റന്‍റ് ആയും ജി.കെ ബാലാജിയെ അഡീഷണൽ പിഎ ആയും നിയമിച്ചു.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി, പൊളിറ്റിക്കൽ സെക്രട്ടറി എന്നിവരെ നേരത്തെ തന്നെ നിയമിച്ചിരുന്നു. മുൻ രാജ്യസഭാംഗവും സിപിഎം നേതാവുമായ കെകെ രാഗേഷാണ് പ്രൈവറ്റ് സെക്രട്ടറി. കഴിഞ്ഞ സർക്കാരിന്‍റെ കാലത്ത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി ആയിരുന്ന പുത്തലത്ത് ദിനേശൻ തന്നെയാണ് ഇത്തവണയും പൊളിറ്റിക്കൽ സെക്രട്ടറി.