രാജ്യത്ത് ബ്ലാക്ക് ഫംഗസ് ബാധിച്ച് ചികിത്സയിലുള്ളത് 8,848 പേരെന്ന് കേന്ദ്രം ; ആശങ്കയായി വൈറ്റ് ഫംഗസും

Jaihind Webdesk
Saturday, May 22, 2021

ന്യൂഡല്‍ഹി : കൊവിഡിന് പിന്നാലെ ഭീഷണിയായ ബ്ലാക്ക് ഫംഗസ് (മ്യൂക്കോര്‍മൈക്കോസിസ്) രാജ്യത്ത് ചികിത്സയിലുള്ളത് 8,848 പേരെന്ന് കേന്ദ്രം. രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സഹാചര്യത്തില്‍ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ഒരു പ്രധാന മരുന്നിന്‍റെ 23,680 അധിക ഡോസുകൾ വിവിധ സംസ്ഥാനങ്ങളിലേക്ക് കേന്ദ്രം അയച്ചിട്ടുണ്ടെന്ന് കേന്ദ്ര രാസവള വകുപ്പ് മന്ത്രി സദാനന്ദ ഗൗഡ അറിയിച്ചു.

” വിവിധ സംസ്ഥാനങ്ങളില്‍ വര്‍ധിച്ചുവരുന്ന ബ്ലാക്ക് ഫംഗസ് കേസുകളുടെ അവലോകനത്തിന് ശേഷം, ആംഫോട്ടെറിസിന്‍-ബി (Amphotericin-B) യുടെ 23,680 അധിക ഡോസുകള്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും അനുവദിച്ചിട്ടുണ്ട്. രാജ്യത്തുടനീളമുള്ള 8,848 രോഗികളുടെ എണ്ണം അടിസ്ഥാനമാക്കിയാണ് വിഹിതം അനുവദിച്ചിരിക്കുന്നത്” – സദാനന്ദ ഗൗഡ ട്വിറ്ററിലൂടെ അറിയിച്ചു.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഗുജറാത്തിലാണ്. 2,281 കേസുകള്‍. ഇവിടേക്ക് 5,800 ഡോസുകള്‍ അനുവദിച്ചു. തൊട്ടുപിന്നിലുള്ള മഹാരാഷ്ട്രയ്ക്ക് 5,090 ഡോസുകള്‍ നല്‍കി. 910 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ആന്ധ്രാപ്രദേശിന് 2,300 ഡോസുകള്‍,  350 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത തെലങ്കാനക്ക് 890 ഡോസുകള്‍ എന്നിങ്ങനെയും അനുവദിച്ചു. ഇതുവരെ 197 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഡല്‍ഹിക്ക് 670 ഡോസുകളാണ് അനുവദിച്ചത്. കേരളത്തിൽ 36 പേർക്കാണ് ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കേരളത്തിന് 120 ഡോസ് മരുന്ന് അനുവദിച്ചതായും കേന്ദ്രം അറിയിച്ചു.

ബ്ലാക്ക് ഫംഗസിനെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് സംസ്ഥാനങ്ങളോട് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയിലെ 11 ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ക്ക് ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്കുള്ള മരുന്ന് നിര്‍മിക്കാന്‍ അനുമതി നല്‍കിയതായും കേന്ദ്രം അറിയിച്ചു. അതേസമയം ആശങ്കയുടെ തോത് കൂടുതല്‍ ഉയര്‍ത്തി ബ്ലാക്ക് ഫംഗസിനെക്കാള്‍ മാരകമായ വൈറ്റ് ഫംഗസും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.