ന്യൂഡല്‍ഹി : കൊവിഡ് മഹാമാരിയിൽ മാതാപിതാക്കളെ നഷ്ടമായ കുഞ്ഞുങ്ങൾക്ക് താങ്ങാകാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. കൊവിഡ് താണ്ഡവത്തിൽ നിരവധി കുഞ്ഞുങ്ങളാണ് അനാഥരായത്. ഇത്തരം കുട്ടികളുടെ വിദ്യാഭ്യാസമുൾപ്പെടെയുള്ള കാര്യങ്ങൾ അനിശ്ചിതത്വത്തിലാണെന്നും ഇത് കേന്ദ്രം ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ട് സോണിയാ ഗാന്ധി പ്രധാനമന്ത്രിക്ക് കത്തയച്ചു.
ഗ്രാമീണ മേഖയിലെ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ രാജീവ് ഗാന്ധി വിഭാവനം ചെയ്ത നവോദയ വിദ്യാലയങ്ങളിലൂടെ ഇത് നടപ്പിലാക്കണം. രാജ്യത്ത് 661 നവോദയ വിദ്യാലയങ്ങളാണുള്ളത്. കൊവിഡ് ബാധിച്ച് മാതാപിതാക്കള്‍ രണ്ടുപേരുമോ, ഇവരില്‍ വരുമാനം ഉള്ള ഒരാളോ മരിച്ച കുട്ടികള്‍ക്കെല്ലാം സൗജന്യ വിദ്യാഭ്യാസം നല്‍കണം. രക്ഷിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് ഭാവിയേക്കുറിച്ചുള്ള പ്രതീക്ഷ നല്‍കേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനുണ്ടെന്ന് സോണിയാ ഗാന്ധി കത്തില്‍ ചൂണ്ടിക്കാട്ടി. കൊവിഡിന്റെ രണ്ടാം തരംഗം രാജ്യത്തെ ആയിരക്കണക്കിന് കുട്ടികളെയാണ് അനാഥരാക്കിയത്. അവരെ സംരക്ഷിക്കാന്‍ ആരുമില്ലാത്ത അവസ്ഥയാണുള്ളത്. രക്ഷിതാക്കളില്‍ ഒരാളെ നഷ്ടപ്പെട്ട കുട്ടികളുടെ കാര്യങ്ങള്‍ നോക്കുന്നതിനും അവശേഷിക്കുന്ന ഒരാള്‍ നന്നേ ബുദ്ധിമുട്ടേണ്ടിവരുന്ന സാഹചര്യമാണുള്ളത്.മഹാമാരിയിൽ ആശ്രയം നഷ്ടമായ കുട്ടികളുടെ നല്ല ഭാവിക്കായി കേന്ദ്രം ഇക്കാര്യം പരിഗണിക്കണമെന്നും സോണിയാ ഗാന്ധി അഭ്യർത്ഥിച്ചു.
സോണിയാ ഗാന്ധി ഉന്നയിച്ച ആവശ്യം സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കണമെന്ന് രാഹുല്‍ ഗാന്ധിയും ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു. കൊവിഡ് മഹാമാരിയുടെ ദുരിതം രാജ്യത്ത് ഏറ്റവുമധികം നേരിടേണ്ടിവന്നത് കുട്ടികള്‍ക്കാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നിരവധി പേര്‍ക്കാണ് മാതാപിതാക്കളെ നഷ്ടപ്പെട്ടത്. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സുപ്രധാന നിര്‍ദ്ദേശമാണ് മുന്നോട്ടുവെച്ചിട്ടുള്ളത്. സര്‍ക്കാര്‍ അത് ഗൗരവമായി കാണണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ഹിമാചല്‍ പ്രദേശിലെ കംഗ്ര ജില്ലയില്‍ കൊവിഡ് മൂലം അനാഥരായ കുട്ടികളെയെല്ലാം ദത്തെടുക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ജി.എസ് ബാലി പറഞ്ഞിരുന്നു.