തിരുവനന്തപുരം : കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടെ സത്യപ്രതിജ്ഞ ആള്‍ക്കൂട്ട ആഘോഷമാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം. പിണറായി സര്‍ക്കാരിന്റെ നീക്കം തികച്ചും തെറ്റാണെന്ന് ഏവരും ഒരേ സ്വരത്തില്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം മന്ത്രിസഭ സത്യപ്രതിജ്ഞചെയ്ത് അധികാരമേൽക്കാൻ അനിവാര്യമായിട്ടുള്ളത് ഗവർണറും പ്രതിജ്ഞാ രജിസ്റ്റർ സൂക്ഷിക്കുന്ന ഉദ്യോഗസ്ഥൻ അടക്കമുള്ള ജീവനക്കാരും സത്യപ്രതിജ്ഞ ചെയ്യേണ്ടവരും മാത്രമെന്നതാണ് നിയമവശം. സത്യപ്രതിജ്ഞയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ സാന്നിധ്യംപോലും അനിവാര്യമല്ലെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഭരണഘടനയുടെ മൂന്നാം പട്ടികയിലാണ് സംസ്ഥാന മന്ത്രിമാരുടെ സത്യപ്രതിജ്ഞ സംബന്ധിച്ച് വിവരിക്കുന്നത്. മന്ത്രിയുടെ ഉദ്യോഗം സംബന്ധിച്ച പ്രതിജ്ഞയും മന്ത്രിയെന്ന നിലയിലുള്ള രഹസ്യ പരിപാലന ശപഥവുമാണ് ഗവർണറുടെ സാന്നിധ്യത്തിൽ എടുക്കേണ്ടത്. ഗവർണറുടെ സാന്നിധ്യത്തിൽ സത്യപ്രതിജ്ഞചെയ്യുന്ന മന്ത്രിമാർ ഓത്ത് രജിസ്റ്ററിൽ ഒപ്പിട്ട് സെക്രട്ടേറിയറ്റിൽ എത്തി ചുമതല ഏറ്റെടുക്കുന്നത് മാത്രമാണ് ചടങ്ങ്. ചീഫ് സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥര്‍ മാത്രമേ ഇതിന് ആവശ്യമുള്ളൂ. പിന്നെ ആവശ്യമുള്ളത് മന്ത്രിമാർ സഞ്ചരിക്കുന്ന വാഹനത്തിലെ ഡ്രൈവർമാരാണ്. ഇത്തരത്തില്‍ സത്യപ്രതിജ്ഞ ചെയ്യാമെന്നിരിക്കെയാണ് ട്രിപ്പിള്‍ ലോക്ക്ഡൌണിനിടെയും 500 പേരെ പങ്കെടുപ്പിച്ച് ആഘോഷമാക്കാന്‍ മുഖ്യമന്ത്രി ഒരുങ്ങുന്നത്.
നിയമപരമായ പ്രശ്നത്തേക്കാൾ ഔചിത്യമാണ് ഇവിടെ വിഷയമെന്ന് സുപ്രീം കോടതി അഭിഭാഷകൻ അഡ്വ. കാളീശ്വരം രാജ് ചൂണ്ടിക്കാട്ടുന്നു. ആളുകളെ കുറച്ചിരുന്നെങ്കിൽ വലിയ സന്ദേശമായിമാറിയേനെയെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ ഭരണഘടന വിഭാവനം ചെയ്യുന്ന രാഷ്ട്രീയ ധാർമികതയാണ് വിഷയമെന്ന് സുപ്രീം കോടതി അഭിഭാഷകൻ അഡ്വ. എം.ആർ അഭിലാഷും ചൂണ്ടിക്കാട്ടുന്നു.
ബംഗാളിലെ മമതാ ബാനര്‍ജി സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് ഫലം വന്ന് മൂന്നാം നാള് കൊവിഡ് പ്രൊട്ടോക്കോള്‍ പാലിച്ച് മാതൃകാപരമായാണ് അധികാരമേറ്റത്. ഗവർണർ ജഗദീപ് ധൻകർ സത്യവാചകം ചൊല്ലിക്കൊടുത്തപ്പോൾ സത്യപ്രതിജ്ഞയ്ക്ക് സാക്ഷികളായി ഉണ്ടായിരുന്നത് വെറും 67 പേർ മാത്രമാണ്. സുപ്രീം കോടതിയുടെ 48-ാം ചീഫ് ജസ്റ്റിസായി എൻ.വി രമണ രാഷ്ട്രപതിഭവനിലെ അശോകാ ഹാളിൽ സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റപ്പോൾ ഹാളിൽ സന്നിഹിതരായത് 30ൽ താഴെ പേർ മാത്രമായിരുന്നു.
മേയ് 2 ന് തെരഞ്ഞെടുപ്പ് ഫലം വന്ന തമിഴ്നാട്, ബംഗാൾ, അസം, പുതുച്ചേരി എന്നിവിടങ്ങളിലെല്ലാം ദിവസങ്ങൾക്കകം സർക്കാരുകൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരുന്നു. അതേസമയം കേരളത്തിൽ സത്യപ്രതിജ്ഞാ മാമാങ്കത്തിനുള്ള പന്തലിന്റെ ഒരുക്കങ്ങൾ തകൃതിയായി നടക്കുകയാണ്. അഞ്ഞൂറ് ചെറിയ സംഖ്യയാണെന്ന മുഖ്യമന്ത്രിയുടെ ന്യായീകരണത്തിന് വ്യാപക വിമർശനമാണ് ഉയർന്നത്. നിലവിലെ സാഹചര്യത്തിൽ 500 ചെറിയ സംഖ്യയല്ലെന്ന് പ്രമുഖർ ഉള്‍പ്പെടെയുള്ളവര്‍ ചൂണ്ടിക്കാട്ടി. സമൂഹമാധ്യമങ്ങളിൽ ട്രോളുകളും നിറഞ്ഞു.
വോട്ട് ചെയ്ത് ജയിപ്പിച്ചവരെ തടങ്കലിലാക്കി എല്ലാ നിയമങ്ങളും ലംഘിച്ച് സെൻട്രൽ സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞ ആൾക്കൂട്ട ആഘോഷമാക്കുന്ന സർക്കാർ നടപടി തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്ന് ഏവരും ഒരേസ്വരത്തിൽ ചൂണ്ടിക്കാട്ടുന്നു. പ്രത്യേകിച്ച് തലസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ക്ഡൌണ്‍ കര്‍ശനമായി നടപ്പാക്കിയിരിക്കുമ്പോഴാണ് ജനത്തെ പരിഹസിക്കുന്ന നീക്കം.