എന്റെ ‘സത്യപ്രതിജ്ഞ’യ്ക്ക് താങ്കളും കുടുംബവും പങ്കെടുക്കണം, വൈറലായി കല്ല്യാണം വിളി ; സര്‍ക്കാരിനെതിരെ പരിഹാസം

Jaihind Webdesk
Monday, May 17, 2021

 

തിരുവനന്തപുരം : കടുത്ത കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും 750 പേരെ പങ്കെടുപ്പിച്ച് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സത്യപ്രതിജ്ഞച്ചടങ്ങ്‌ നടത്താനുള്ള നീക്കത്തിനെതിരെ വ്യാപകപ്രതിഷേധമാണ് ഉയരുന്നത്. സംസ്ഥാനത്ത് കൊവിഡ് അതിതീവ്ര വ്യാപനം തുടരുമ്പോള്‍  ട്രിപ്പിള്‍ ലോക്ക്ഡൌണ്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി പൊതുജനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്ന സര്‍ക്കാര്‍ തന്നെ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നതിനെതിരെയാണ് പ്രതിഷേധം.

വിഷയത്തില്‍ സര്‍ക്കാരിനെ പരിഹസിച്ചുള്ള ഒരു വാട്‌സ്ആപ് സന്ദേശമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. ‘എന്റെ ഫ്രണ്ട് ഇന്ന് അവന്റെ കല്യാണം വിളിക്കാൻ വന്നിരുന്നു. കല്യാണക്കുറി വായിച്ച ഞാൻ ഞെട്ടിപ്പോയി. അതിൽ എഴുതിയിരിക്കുന്നു എന്റെ സത്യപ്രതിജ്ഞയ്ക്ക് താങ്കളും കുടുംബവും പങ്കെടുക്കണമെന്ന്. എന്താ ഇങ്ങനെ എന്ന് ചോദിച്ചപ്പോ അവൻ പറയുകയാ കല്യാണം എന്ന് എഴുതിയാൽ 20 പേർക്ക് മത്രമേ പങ്കെടുക്കാൻ പറ്റൂ സത്യപ്രതിജ്‌ഞയാകുമ്പോൾ 750 പേർക്ക് വരെ പങ്കെടുക്കാമെന്ന്. എന്താ അല്ലെ’ – എന്ന വാചകമാണ് സര്‍ക്കാരിനെ പരിഹസിച്ച്  പ്രചരിക്കുന്നത്. നിരവധി പേര്‍ ഈ പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു.

അതേസമയം  ജനങ്ങൾക്ക് വീട്ടിൽ നിന്നും പുറത്തിറങ്ങാൻ പോലും അനുവാദമില്ലാതിരിക്കെ നിയന്ത്രണങ്ങൾ നടപ്പിലാക്കിയവർ തന്നെ തങ്ങളുടെ സത്യപ്രതിജ്ഞയ്ക്ക് നിയമത്തിൽ അയവ് വരുത്തുന്നതിനെതിരെയാണ് പ്രതിഷേധം ശക്തമായിരിക്കുന്നത്.

ജയിപ്പിച്ചുവിട്ട ജനങ്ങളോട് സർക്കാരിന് എന്തെങ്കിലും പ്രതിബദ്ധത ഉണ്ടെങ്കിൽ സത്യപ്രതിജ്ഞ ഓൺലൈൻ ആക്കണമെന്ന പ്രതികരണവുമായി നിരവധി പേര്‍ രംഗത്തെത്തി. അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും സമൂഹമാധ്യമങ്ങളുമെല്ലാംഒരേ സ്വരത്തില്‍ ആവശ്യപ്പെടുന്നത് ഇക്കാര്യമാണ്. കടുത്ത കൊവിഡ് നിയന്ത്രണങ്ങളോട് ജനം സഹകരിക്കുന്നത് നിരവധി പരിമിതികള്‍ക്കുള്ളില്‍ നിന്നാണ്. അതേസമയം സര്‍ക്കാര്‍ തന്നെ ഇത്തരത്തില്‍ ഉത്സവാന്തരീക്ഷത്തില്‍ സത്യപ്രതിജ്ഞ നടത്തുന്നത് പൊതുജനങ്ങള്‍ക്ക് എന്ത് സന്ദേശമാണ് നല്‍കുകയെന്നും ചോദ്യമുയരുന്നു.

ജീവിതത്തിൽ ഒരിക്കൽ മാത്രം നടക്കുന്ന സന്നത്ത് എന്ന സത്യപ്രതിജ്ഞാ ചടങ്ങ് ഇത്തവണ ഓൺലൈൻ ആക്കി മാതൃകയായവരാണ് അഭിഭാഷകർ. ഇപ്പോൾ സത്യപ്രതിജ്ഞ ചെയ്യന്നവരിൽ പലരും മുമ്പും പലവട്ടം എംഎൽഎമാരായും മന്ത്രിമാരായും ഉൽസവസമാനമായ സാഹചര്യങ്ങളിൽ സത്യപ്രതിജ്ഞ ചെയ്തിട്ടുള്ളവരാണ്. ഇത്തവണ അത് ഓൺലൈൻ ആക്കി മാതൃകയായിക്കൂടെ എന്നാണ് അഡ്വ. ഹരീഷ് വാസുദേവൻ ചോദിക്കുന്നു.

ജനങ്ങൾക്ക് പുറത്തിറങ്ങാൻ പോലും കഴിയാത്ത സാഹചര്യത്തിൽ വലിയ ചടങ്ങുകൾ സർക്കാർ തന്നെ സ്‌പോൺസർ ചെയ്ത് ഇവിടെ രണ്ടുതരം പൗരന്മാരെ സൃഷ്ടിക്കരുതെന്നാണ് മാധ്യമപ്രവർത്തകനായ കെ.ജെ ജേക്കബ് ചൂണ്ടിക്കാട്ടുന്നത്. സത്യപ്രതിജ്ഞ കൊട്ടിഘോഷിച്ച് നടത്തേണ്ടത് ഒരു അടിയന്തര പ്രശ്നമല്ലെന്നും ഒഴിവാക്കേണ്ടതാണെന്നും അദ്ദേഹം പറയുന്നു.

സത്യപ്രതിജ്ഞാ ചടങ്ങ് ലൈവ് സ്ട്രീമിംഗ് നടത്തുന്നുണ്ടല്ലോ എന്തിനിത്ര പേരെന്നാണ് പരസ്യ നിർമ്മാതാവും അഭിനേതാവുമായ ഫേവർ ഫ്രാൻസിസിന്‍റെ ചോദ്യം. ആളുകളെ കുറക്കാൻ പറ്റുന്ന പരിപാടിയാണ് സത്യപ്രതിജ്ഞ സോഷ്യൽ മീഡിയയിലൂടെ ലൈവ് സ്ട്രീമിംഗ് ചെയ്യുന്നതെന്നും ഫേവർ നിർദ്ദേശിക്കുന്നു. സ്റ്റേഡിയത്തിലെ സത്യപ്രതിജ്ഞയ്‌ക്കെതിരെ ഐഎംഎയും രംഗത്ത് വന്നിട്ടുണ്ട്.

ജീവന്‍റെ വിലയുള്ള ജാഗ്രത എന്നത് വാക്കിൽ മാത്രം പോരാ, പ്രവൃത്തിയിലും വേണമെന്നാണ് പൊതുപ്രവർത്തക കൂടിയായ സുധാ മേനോൻ എഴുതുന്നത്. ‘അതിജീവനം’ ഒഴിച്ച് മറ്റെല്ലാം അപ്രസക്തമാവുന്ന ഈ ‘കരൾ പിളരും കാലത്ത് ‘ അഞ്ഞൂറോളം ആൾക്കാരെ പങ്കെടുപ്പിച്ചു സെൻട്രൽ സ്റ്റേഡിയത്തിൽ വെച്ച് സത്യപ്രതിജ്ഞാ ചടങ്ങു നടത്തുന്നത് എന്ത് സന്ദേശമാണ് ജനങ്ങൾക്ക് നൽകുന്നതു? നിയമം നിർമ്മിക്കേണ്ടവർ തന്നെ നഗ്‌നമായ നിയമലംഘനം നടത്തുന്നത് ഏത് സാഹചര്യത്തിലും നീതിയുക്തമല്ല. വീട്ടിനുള്ളിൽ പോലും ആൾക്കാർ കൂടി നിൽക്കരുത് എന്ന് ഒരു വശത്തു ഉപദേശിച്ചിട്ട്, മറുവശത്തു ആഘോഷിക്കുന്നത് ഔചിത്യമല്ല.  ജീവന്‍റെ വിലയുള്ള ജാഗ്രത എന്നത് വാക്കിൽ മാത്രം പോര, പ്രവൃത്തിയിലും വേണമെന്നും ശക്തമായി പ്രതിഷേധിക്കേണ്ട സമയമാണിതെന്നിം സുധാ മേനോൻ പറഞ്ഞു.

മരണത്തെ നേരില്‍ കാണുന്ന മഹാമാരിയുടെ കാലത്ത് ജനത്തെ ബന്ധനത്തിലാക്കി മറുവശത്ത് ഉത്സവാന്തരീക്ഷത്തില്‍ സത്യപ്രതിജ്ഞ ആഘോഷമാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ വ്യാപക പ്രതിഷേധവും വിമര്‍ശനങ്ങളുമാണ് ഉയരുന്നത്.