കേരളത്തിന് ആവശ്യമായ വാക്സിന്‍ എപ്പോള്‍ നല്‍കും ? വെള്ളിയാഴ്ചയ്ക്കുള്ളില്‍ അറിയിക്കണമെന്ന് കേന്ദ്രത്തോട് ഹൈക്കോടതി

Jaihind Webdesk
Friday, May 14, 2021

Kerala-High-Court

കൊച്ചി : കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സംസ്ഥാനത്തിന് ആവശ്യമായ കൊവിഡ് വാക്‌സിന്‍ എപ്പോള്‍ നല്‍കാന്‍ കഴിയുമെന്ന് അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. ഇക്കാര്യത്തില്‍ വെള്ളിയാഴ്ചയ്ക്കുള്ളില്‍ കേന്ദ്രസര്‍ക്കാര്‍ മറുപടി നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.

സംസ്ഥാനങ്ങൾക്ക് ആവശ്യമായ വാക്‌സിന്‍ വിതരണം നടത്തുന്നത് കേന്ദ്രത്തിന്‍റെ നേരിട്ടുള്ള നിയന്ത്രണത്തിലല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈകോടതിയെ അറിയിച്ചു. സുപ്രീം കോടതി നിയോഗിച്ച ഉന്നതതല സമിതിയാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടതെന്നും കേന്ദ്രത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി.

നിലവിൽ കേരളത്തിന് അനുവദിച്ച വാക്സിന്‍റെ ലിസ്റ്റ് എന്തുകൊണ്ടാണ് പ്രസിദ്ധീകരിക്കാത്തതെന്നും കോടതി ചോദിച്ചു. കേരളത്തിന് കിട്ടിയ വാക്സിന്‍ ഡോസുകള്‍ വളരെ കുറവാണ് എന്ന് കോടതി അഭിപ്രായപ്പെട്ടു. ഇപ്പോഴത്തെ രീതിയില്‍ വാക്‌സിന്‍ നല്‍കിയാല്‍ മുഴുവന്‍ പേര്‍ക്കും വാക്സിന്‍ ലഭ്യമാക്കാന്‍ കുറഞ്ഞത് രണ്ടു വര്‍ഷമെങ്കിലും വേണ്ടിവരുമെന്ന് കോടതി ചൂണ്ടിക്കാട്ടി. അതുകൊണ്ട് എപ്പോള്‍ സംസ്ഥാനത്തിന് വേണ്ട വാക്സിന്‍ മുഴുവന്‍ ലഭ്യമാക്കാനാവുമെന്ന് കേന്ദ്രം അറിയിക്കണമെന്നും കോടതി പറഞ്ഞു. കേരളത്തിന്‍റെ സ്ഥിതി കേന്ദ്രം മനസിലാക്കണമെന്ന് ഹൈകോടതി ആവശ്യപ്പെട്ടു. കേസ് വീണ്ടും വെള്ളിയാഴ്ച പരിഗണിക്കും.