തൃശൂർ : ചികിത്സ കിട്ടിയില്ലെന്ന് പരാതി പറഞ്ഞ കൊവിഡ് രോഗി ആശുപത്രി വരാന്തയിൽ കിടന്ന് മരിച്ചു. വൃക്ക രോഗിയായിരുന്ന തൃശൂർ വാടാനപ്പിള്ളി സ്വദേശി നകുലനാണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളേജിലാണ് സംഭവം. ആശുപത്രിയിലെ അനാസ്ഥയും തന്റെ ദുരവസ്ഥയും ചൂണ്ടിക്കാട്ടി നകുലൻ വാട്സാപ്പിൽ പങ്കുവെച്ച വീഡിയോ സന്ദേശമാണിത്.
വൃക്ക രോഗിയായ നകുലൻ ചികിത്സയ്ക്കെത്തിയപ്പോഴാണ് കൊവിഡ് സ്ഥിരീകരിച്ചത്. 12 വർഷമായി ആഴ്ചയിൽ മൂന്ന് ദിവസം ഡയാലിസിസിന് വിധേയനായാണ് നകുലൻ ജീവൻ നിലനിർത്തിയിരുന്നത്. ആറ് ദിവസം മുൻപ് തൃശൂർ മെഡിക്കൽ കോളേജിൽ സഹോദരനുമൊത്ത് നകുലൻ ഡയാലിസിസിന് എത്തി. തലവേദനയെ അനുഭവപ്പെട്ടപ്പോൾ ആശുപത്രി അധികൃതരുടെ നിർദേശപ്രകാരം നടത്തിയ ആർ ടി.പി.സി.ആർ പരിശോധനയിൽ കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി. കൂടെ വന്ന സഹോദരനും പോസിറ്റീവായിരുന്നു. തുടർന്ന് നകുലനെ വരാന്തയിൽ കിടത്തി.
ഹൃദയത്തിനും വൃക്കക്കും രോഗമുള്ള ആളാണ് എന്നറിയിച്ചിട്ടും വരാന്തയിൽ കിടത്തിയെന്ന് നകുലൻ വീഡിയോ സന്ദേശത്തിൽ പറയുന്നു. സ്ഥിരമായി കഴിക്കുന്ന മരുന്ന് പുറത്ത് നിന്ന് കൊണ്ടുവരാൻ അനുമതി ഉണ്ടായിരുന്നില്ല. രണ്ട് ദിവസം ഭക്ഷണവും വെള്ളവും ലഭിച്ചില്ലെന്നും പരാതിയുണ്ട്. ചൊവ്വാഴ്ച രാത്രി തളർന്നു വീണ നകുലൻ മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണത്തിന് തൃശൂർ ഡിഎംഒ ഉത്തരവിട്ടു.